തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിലെ ആദ്യഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു.ചൊവ്വാഴ്ച വോട്ടെടുപ്പ് നടക്കുന്ന ഏഴുജില്ലകളിലുമായി വൈകീട്ട് നാലുമണി വരെ 60.04 ശതമാനം പോളിങ് രേഖപ്പെടുത്തി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് വോട്ടെടുപ്പ്. ഏഴ് ജില്ലകളിലെ 595 തദ്ദേശസ്ഥാപനങ്ങളിലെ 11,167 വാർഡുകളിലേക്ക് 36,620 സ്ഥാനാർഥികളാണുള്ളത്. രാവിലെ ഏഴുമുതൽ വൈകീട്ട് ആറുവരെയാണ് വോട്ടെടുപ്പ്. ഗ്രാമപ്രദേശങ്ങളിലുള്ളവർ മൂന്നുവോട്ട് ചെയ്യണം. മുനിസിപ്പാലിറ്റികളിലും കോർപ്പറേഷനുകളിലും ഒരു വോട്ടും. ബാക്കിയുള്ള ഏഴുജില്ലകൾക്ക് വ്യാഴാഴ്ചയാണ് വോട്ടെടുപ്പ്. 13-ന് രാവിലെ വോട്ടെണ്ണും.
സ്ഥാനാർഥികളുടെ മരണത്തെ തുടർന്ന് രണ്ടിടങ്ങളിൽ വോട്ടെടുപ്പ് മാറ്റിവെച്ചു. പാമ്പാക്കുട ഗ്രാമ പഞ്ചായത്ത് പത്താം ഡിവിഷനിലും (ഓണക്കൂർ) തിരുവനന്തപുരം കോർപ്പറേഷനിലെ വിഴിഞ്ഞം വാർഡിലുമാണ് വോട്ടെടുപ്പ് മാറ്റിവെച്ചത്.

