യുഎഇയുടെ സ്വപ്ന പദ്ധതിയായ ഇത്തിഹാദ് റെയിലിന്റെ പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസ് 2026ല്‍ ആരംഭിക്കും. രാജ്യത്തിന്റെ ഗതാഗത മേഖലയില്‍ സുപ്രധാന നാഴികക്കല്ലാകും ഈ പദ്ധതി.ഭരണാധികാരിയുടെ അല്‍ ദഫ്ര മേഖലയിലെ പ്രതിനിധി ശൈഖ് ഹംദാൻ ബിൻ സായിദ് ആല് നഹ്യാനുമായി ഇത്തിഹാദ് റെയില്‍ പ്രതിനിധികള്‍ നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം സാമൂഹിക മാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പിലാണ് പാസഞ്ചർ സർവിസ് ആരംഭിക്കുന്നത് സംബന്ധിച്ച് വെളിപ്പെടുത്തിയത്. റെയില്‍വേ പദ്ധതിക്ക് ശൈഖ് ഹംദാൻ നല്കുന്ന പിന്തുണക്ക് ഇത്തിഹാദ് റെയില്‍ നന്ദി അറിയിച്ചു.
പ്രവര്‍ത്തനം ആരംഭിച്ച് കഴിഞ്ഞാല്‍ 2030ഓടെ വര്‍ഷം തോറും 3.65 കോടി യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ സര്‍വീസിനാകും. 1,200 കിലോമീറ്റര്‍ നീളുന്ന റെയില്‍വേ ശൃംഖല ഏഴ് എമിറേറ്റുകളിലുടനീളമുള്ള 11 നഗരങ്ങളെ തമ്മില്‍ ബന്ധിപ്പിക്കും. വിവിധ എമിറേറ്റുകളിലേക്കുള്ള യാത്രാ ദൂരം ഗണ്യമായി കുറയും. അബുദാബി, ദുബൈ, ഷാര്ഡജ, റാസല്‍ഖൈമ, ഫുജൈറ, അല്‍ ഐൻ, റുവൈസ്, അല്‍ മിര്‍ഫ, അല്‍ ദൈദ്, ഗുവേഫത്, സൊഹാര്‍ എന്നീ നഗരങ്ങളെയാണ് ഇത്തിഹാദ് റെയില്‍ ബന്ധിപ്പിക്കുക. 40 ബില്യണ്‍ ദിർഹമാണ് 1200 കിലോമീറ്റർ ദൈർഘ്യമുള്ള പദ്ധതിയുടെ ചെലവ്.
മണിക്കൂറില്‍ 200 കിലോമീറ്റർ വേഗത്തിലോടുന്ന പാസഞ്ചർ ട്രെയിനില്‍ 400 പേർക്കു യാത്ര ചെയ്യാം. പടിഞ്ഞാറ് അല്‍ സില മുതല്‍ വടക്ക് ഫുജൈറ വരെ യുഎഇയില്‍ ഉടനീളമുള്ള 11 നഗരങ്ങളെയും മറ്റു ഉള്‍പ്രദേശങ്ങളെയും ബന്ധിപ്പിച്ചാണ് ട്രാക്ക് ഒരുക്കിയിരിക്കുന്നത്. ഈ അതിവേഗ പാസഞ്ചര്‍ സര്‍വീസില്‍ അബുദാബിയില്‍ നിന്ന് ദുബൈയിലേക്കും തിരിച്ചും 57 മിനിറ്റില്‍ എത്താനാകും. അബുദാബിയില്‍ നിന്ന് ഫുജൈറയിലേക്കുള്ള യാത്രയ്ക്ക് 105 മിനിറ്റ് മതിയാകും. ദുബൈയില്‍ നിന്ന് ഫുജൈറയിലേക്ക് വെറും 50 മിനിറ്റ് മതിയാകും. വൈഫൈ, ചാർജിങ്, സംഗീതം, ഫുഡ് കോർണർ, എയര്‍ കണ്ടീഷനിങ് എന്നിവയെല്ലാം ഉണ്ടാകും. എല്ലാവര്ക്കും പ്രാപ്യമാകുന്ന രീതിയിലായിരിക്കും ടിക്കറ്റ് നിരക്ക്. നിലവിലെ പൊതുഗതാഗത സംവിധാനങ്ങളില്‍ കൂടി ഉപയോഗിക്കാവുന്ന വിധം ഏകീകൃത ടിക്കറ്റായിരിക്കും.