ലക്നൗ: ഉത്തർപ്രദേശിലെ കാൺപൂരിൽ ഗംഗാ നദിയുടെ തീരത്തിന് സമീപം പരിശീലന വിമാനം തകർന്നുവീണുണ്ടായ അപകടത്തിൽ രണ്ട് പൈലറ്റുമാർ മരിച്ചു. ഇൻസ്ട്രക്ടർ പൈലറ്റും ട്രെയിനി പൈലറ്റുമാണ് മരിച്ചത്. നാല് സീറ്റുകളുള്ള ഇരട്ട എൻജിൻ പരിശീലന വിമാനമാണ് അപകടത്തിൽപ്പെട്ടത്.
കാൺപൂരിലെ ഗർഗ് ഏവിയേഷൻ ട്രെയിനിംഗ് സെന്ററിൽ നിന്ന് വ്യാഴാഴ്ച രാവിലെ 11.30ഓടെയാണ് വിമാനം പറന്നുയർന്നത്. പരിശീലന പറക്കലിനുശേഷം ട്രെയിനിംഗ് സെന്ററിലേക്ക് തിരിച്ചുപറക്കുന്നതിനിടെയാണ് ഏകദേശം 11.50ഓടെ അപകടമുണ്ടായത്. ഗുജറാത്ത് സ്വദേശി സച്ചിൻ ഭാട്ടിയ, കർണാടക സ്വദേശി അഭിഷേക് പൂജാരി എന്നിവരാണ് മരിച്ചത്. ഇൻസ്ട്രക്ടർ പൈലറ്റിന് ഏകദേശം 3,000 മണിക്കൂർ പറക്കൽ പരിചയമുണ്ടായിരുന്നുവെന്ന് കാൺപൂർ പൊലീസ് കമ്മീഷണർ അറിയിച്ചു.
വിമാനം ഗംഗാനദിയുടെ തീരത്തിന് സമീപമുള്ള ഒരു വയലിലാണ് തകർന്നുവീണത്. അപകടത്തിൽ വിമാനം പൂർണമായും തകർന്നു. നിയന്ത്രണം നഷ്ടപ്പെട്ടതിനെത്തുടർന്നാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം.
സംഭവത്തിൽ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) അധികൃതരെ വിവരം അറിയിച്ചിട്ടുണ്ടെന്നും വിശദമായ അന്വേഷണം നടത്തുമെന്നും പൊലീസ് അറിയിച്ചു.