തിരുവനന്തപുരം: കാസർഗോഡ് കുമ്പള ഹയർ സെക്കൻഡറി സ്‌കൂളിലെ കലോത്സവത്തിൽ വിദ്യാർഥികൾ അവതരിപ്പിച്ച പലസ്തീൻ ഐക്യദാർഢ്യ മൈം നിർത്തി വച്ച് കലോത്സവം തന്നെ മാറ്റിവച്ച സംഭവത്തിൽ അന്വേഷണം നടത്തി ഉത്തരവാദികൾക്കെതിരെ നടപടിയെടുക്കുമെന്നു വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. സംഭവം അടിയന്തരമായി അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ മന്ത്രി പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നിർദേശം നൽകി. പലസ്തീനിൽ ഇസ്രയേൽ നടത്തുന്ന വംശഹത്യയ്ക്ക് എതിരെ എന്നും നിലപാട് എടുത്ത ജനവിഭാഗമാണ് കേരളം. പലസ്തീനിൽ വേട്ടയാടപ്പെടുന്ന കുഞ്ഞുങ്ങൾക്കൊപ്പമാണ് കേരളം. പലസ്തീൻ വിഷയത്തിൽ അവതരിപ്പിച്ച മൈം തടയാൻ ആർക്കാണ് അധികാരം? കുമ്പള സ്‌കൂളിലെ വിദ്യാർഥികൾക്ക് ഇതേ മൈം വേദിയിൽ അവതരിപ്പിക്കാൻ അവസരമൊരുക്കുമെന്നും മന്ത്രി പറഞ്ഞു.

