ഇന്ന് ബഹ്റൈനിൽ ആരംഭിക്കുന്ന ഗള്‍ഫ് സഹകരണ കൗണ്‍സിലിന്റെ (ജിസിസി) 46-ാമത് സമ്മേളനത്തില്‍ പങ്കെടുക്കാൻ വിവിധ രാജ്യങ്ങളിൽ നിന്നുള്ള നേതാക്കൾ എത്തിത്തുടങ്ങി.ഒമാൻ ഭരണാധികാരി സുല്‍ത്താൻ ഹൈതം ബിൻ താരീഖ്,കുവൈറ്റ് അമീർ ഹിസ് ഹൈനസ് ഷെയ്ഖ് മെഷാൽ അൽ-അഹ്മദ് അൽ-ജാബർ അൽ-സബാഹ് എന്നിവരെ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ ഹിസ് റോയൽ ഹൈനസ് പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ സ്വീകരിച്ചു. ഇന്ന് ആരംഭിക്കുന്ന ഗള്‍ഫ് സഹകരണ കൗണ്‍സിലിന്റെ 46-ാമത് ഉച്ചകോടി, അംഗരാജ്യങ്ങളിലെ പൗരന്മാർ ഒന്നടങ്കം ആഗ്രഹിക്കുന്ന ആഴത്തിലുള്ള സഹകരണം, സമഗ്രമായ ഏകീകരണം എല്ലാ തലങ്ങളിലുമുള്ള ബന്ധങ്ങളുടെ ശക്തീകരണം എന്നിവയുടെ പ്രതീകമാകുമെന്ന് വിലയിരുത്തപ്പെടുന്നു. ജിസിസി രാജ്യങ്ങളിലെ ഭരണാധികാരികളും ഉന്നത നേതാക്കളുമാണ് ഉച്ചകോടിയുടെ ഉന്നതയോഗത്തില്‍ പങ്കെടുക്കുക.ഉച്ചകോടിയില്‍ ഗള്‍ഫ് സംയുക്ത പ്രവർത്തനത്തിന്റെ രാഷ്ട്രീയ, സാമ്ബത്തിക, സുരക്ഷാ മേഖലകളിലൂടെയുള്ള സമഗ്ര വിലയിരുത്തലാണ് പ്രധാന ചർച്ച. കൂടാതെ പ്രാദേശികവും അന്തർദേശീയവും ആയ വികസനങ്ങളും അവയുടെ സുരക്ഷാ സ്ഥിരതാ പ്രത്യാഘാതങ്ങളും വിലയിരുത്തപ്പെടും. പ്രദേശത്ത് സമഗ്ര സമാധാനത്തിനുള്ള സംയുക്ത ശ്രമങ്ങള്‍ പ്രോത്സാഹിപ്പിക്കുകയും മാറുന്ന സാഹചര്യങ്ങളില്‍ ഏകീകൃത നിലപാട് സ്വീകരിക്കാനുള്ള വഴികളും ചർച്ചക്ക് വരും.ജിസിസി ജനറല്‍ സെക്രട്ടറിയായ ജാസിം മുഹമ്മദ് അല്‍ ബുദൈവി, ഗള്‍ഫ് മേഖലയിലെയും ആഗോള തലത്തിലെയും സഹകരണ ഘടനകള്‍ കൂടുതല്‍ ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കി. ബഹ്റൈൻ ഉച്ചകോടി ചരിത്രപരമായ നേട്ടങ്ങള്‍ക്ക് പുതിയ അടിത്തറയാകുമെന്ന് അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.

