കോഴിക്കോട്ടുനിന്ന് ബഹ്റൈൻ, ദോഹ മേഖലകളില്‍ സർവീസ് നടത്തുന്ന ഗള്‍ഫ് എയർ സർവീസ് അവസാനിപ്പിക്കുന്നു.31-ന് പുലർച്ചെ അഞ്ചിനുള്ള വിമാനത്തോടെ ഏഴുവർഷം നീണ്ട ഗള്‍ഫ് എയർ സർവീസ് അവസാനിക്കും.എയർ ഇന്ത്യ തുടങ്ങിവെച്ച സർവീസ് പിൻവലിക്കലില്‍ കരിപ്പൂർ വിടുന്ന മൂന്നാമത്തെ കമ്ബനിയാണ് ഗള്‍ഫ് എയർ. സർവീസ് പുനഃക്രമീകരണത്തിന്റെ ഭാഗമായാണ് കോഴിക്കോട് സർവീസ് പിൻവലിക്കുന്നതെന്നാണ് ഗള്‍ഫ് എയർ പറയുന്നത്. ലാഭത്തില്‍ പ്രവർത്തിച്ചിരുന്ന സർവീസ് നിർത്തലാക്കാനുള്ള തീരുമാനം യാത്രക്കാർക്ക് ഇരുട്ടടിയാണ്. മറ്റു സർവീസുകളെ അപേക്ഷിച്ച് കുറഞ്ഞ ടിക്കറ്റ് നിരക്കും ഭക്ഷണവും കൃത്യതയുള്ള സർവീസും ഇവരുടെ പ്രത്യേകതയായിരുന്നു.2018 ജൂണിലാണ് ഗള്‍ഫ് എയർ കോഴിക്കോട്- ബഹ്റൈൻ, ദോഹ സർവീസ് ആരംഭിച്ചത്. ദുബായ്, അബുദാബി, ജിദ്ദ മേഖലകളിലേക്കും യൂറോപ്പിലേക്കും കണക്ഷൻ സർവീസുമായാണ് കമ്ബനി പ്രവർത്തിച്ചിരുന്നത്. തിങ്കള്‍, ബുധൻ, വെള്ളി, ശനി, ഞായർ ദിവസങ്ങളിലായാണ് സർവീസ് നടത്തിയത്.

