ദിവസം മുഴുവൻ നീണ്ടു നിൽക്കുന്ന പ്രാർഥനകളും തിരുക്കർമങ്ങളുമായാണ് ബഹ്റൈനിലെ വിശ്വാസികൾ ദുഖവെള്ളി ആചരിച്ചത്. ബഹറിനിലെ വിവിധ ക്രൈസ്തവ ദേവാലയങ്ങളിൽ രാവിലെ മുതൽ വിശ്വാസികളുടെ തിരക്കായിരുന്നു. ബഹ്റൈൻ മലയാളി കത്തോലിക്കാ കമ്മ്യൂണിറ്റിയുടെ നേതൃത്വത്തിൽ യേശുക്രിസ്തുവിന്റെ പീഡാനുഭവത്തിന്റെയും കുരിശുമരണത്തിന്റെയും ഓർമ്മ ആചരിച്ചു കൊണ്ടുള്ള ദുഃഖ വെള്ളി ശുശ്രൂഷകൾ നടന്നു. ഇന്ന് രാവിലെ 8 മണി മുതൽ ഇസാ ടൗണിലുള്ള സേക്രഡ് ഹാർട്ട് സ്കൂളിൽ വെച്ച് ഔർ ലേഡി ഓഫ് അറേബ്യ കത്തീഡ്രൽ റെക്ടർ ഫാ. സജി തോമസിന്റെ മുഖ്യ കാർമികത്വത്തിൽ ആണ് പ്രാർത്ഥനാ ശുശ്രൂഷകൾ ആരംഭിച്ചത് . മനാമ തിരുഹൃദയ ദേവാലയം വികാരി ഫാ. ഫ്രാൻസിസ് ജോസഫ്, ഫാ. ലിജോ ഏബ്രഹാം, ഫാ. എബിൻ ഏബ്രഹാം എന്നിവരുടെ നേതൃത്വത്തിൽ പീഡാനുഭവ ചരിത്ര വായനകൾ, കുരിശാരാധന, വി. കുർബാന സ്വീകരണം എന്നിവയും ഒരുക്കിയിരുന്നു. തുടർന്ന് സ്കൂൾ മൈതാനിയിൽ നടന്ന കുരിശിന്റെ വഴി പ്രദക്ഷിണത്തിലും കുരിശു രൂപം വണങ്ങളിലും 7000ത്തിൽ അധികം വരുന്ന വിശ്വാസികൾ പങ്കെടുത്തു