ന്യൂഡൽഹി: വധശിക്ഷ വിധിക്കപ്പെട്ട പ്രതികൾക്ക് തൂക്കുകയറിന് പകരം മാരക വിഷം നൽകണമെന്ന നിർദ്ദേശത്തെ എതിർക്കുന്ന കേന്ദ്രത്തിന്റെ വിമർശിച്ച് സുപ്രീംകോടതി. പരമ്പരാഗതമായി വധശിക്ഷ നടപ്പാക്കുന്ന രീതിക്ക് പകരം വിഷം കുത്തിവയ്ക്കുന്ന രീതി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാൽപര്യ ഹർജി പരിഗണിക്കുകയായിരുന്നു കോടതി.
”കുറഞ്ഞപക്ഷം ശിക്ഷിക്കപ്പെട്ട തടവുകാരന് തൂക്കിലേറ്റണോ വിഷം കുത്തിവയ്ക്കണോ എന്ന ഓപ്ഷൻ നൽകുക. ക്രൂരമായ തൂക്കിലേറ്റലിന് വിപരീതമാണ് വിഷം കുത്തിവയ്ക്കുന്നത്. ഈ രീതി മനുഷ്യത്വപരവും മാന്യവുമാണെന്ന് ഹർജിക്കാരന് വേണ്ടി ഹാജരായ ഋഷി മൽഹോത്ര പറഞ്ഞു. സൈന്യത്തിൽ അത്തരത്തിൽ ഒരു ഓപ്ഷൻ നൽകുന്നുണ്ടെന്നും ചൂണ്ടിക്കാട്ടി. എന്നാൽ ഇത്തരത്തിൽ ഒരു ഓപ്ഷൻ സാധ്യമല്ലെന്നാണ് എതിർ സത്യവാങ്മൂലത്തിലൂടെ കേന്ദ്ര സർക്കാർ വ്യക്തമാക്കിയത്.
വധശിക്ഷ നടപ്പാക്കുന്നതിന് നിലവിലുള്ള മാർഗം ഏറെ നേരത്തെ വേദനയും കഷ്ടപ്പാടും നൽകുന്നതാണെന്ന് ഹർജിക്കാരൻ വാദിച്ചു. വിഷം കുത്തിവയ്ക്കൽ, ഫയറിംഗ് സ്ക്വാഡ്, വൈദ്യുതാഘാതം, ഗ്യാസ് ചേംബർ എന്നീ മാർഗങ്ങൾ ഉപയോഗിച്ച് ഇത് മാറ്റിസ്ഥാപിക്കണമെന്നായിരുന്നു ഹർജി.
എന്നാൽ, തടവുകാർക്ക് ഓപ്ഷൻ നൽകുകയെന്നത് നയപരമായ തീരുമാനമാണെന്ന് എതിർ സത്യവാങ്മൂലത്തെ അടിസ്ഥാനമാക്കി സർക്കാരിനുവേണ്ടി ഹാജരായ അഭിഭാഷക സോണിയ മാത്തൂർ വാദിച്ചു. തുടർന്ന് കേസ് നവംബർ 11 ലേക്ക് മാറ്റി.

