ശബരിമലയിലെ സ്വർണപ്പാളി കേസ്; അന്വേഷിക്കണമെന്ന് ഹൈക്കോടതി

  • Home-FINAL
  • Business & Strategy
  • ശബരിമലയിലെ സ്വർണപ്പാളി കേസ്; അന്വേഷിക്കണമെന്ന് ഹൈക്കോടതി

ശബരിമലയിലെ സ്വർണപ്പാളി കേസ്; അന്വേഷിക്കണമെന്ന് ഹൈക്കോടതി


കൊച്ചി: ശബരിമലയിലെ സ്വർണപ്പാളി കേസിൽ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്. സ്വർണപ്പാളികളിലെ തൂക്കം കുറഞ്ഞതാണ് ദേവസ്വം വിജിലൻസ് എസ്.പി. അന്വേഷിക്കുന്നത്. കേസ് ബുധനാഴ്ച പരിഗണനയ്ക്ക് എടുത്തപ്പോൾ സ്വർണപ്പാളികളുടെ തൂക്കം സംബന്ധിച്ച് കോടതി സംശയങ്ങളുന്നയിച്ചിരുന്നു. കേസുമായി ബന്ധപ്പട്ട് മുഴുവൻ രേഖകളും ഹൈക്കോടതിയുടെ ദേവസ്വം ബെഞ്ച് ബുധനാഴ്ച പരിശോധിച്ചതിനുശേഷമാണ് കോടതി ചോദ്യങ്ങളുയർത്തിയത്. 2019 ൽ അഴിച്ചെടുത്തപ്പോൾ 42 കിലോ ഉണ്ടായിരുന്ന തൂക്കം അറ്റകുറ്റപ്പണികൾക്കായി ചെന്നൈയിലെത്തിച്ചപ്പോൾ 38 കിലോ ആയി കുറഞ്ഞു. ഇക്കാര്യം ദേവസ്വം വിജിലൻസ് അന്വേഷിക്കണമെന്നാണ് ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്. തിരുവിതാംകൂർ ദേവസ്വം ബോർഡ് അധികൃതരോ ബന്ധപ്പെട്ടവരോ ഇക്കാര്യം ഇതുവരെ മനസിലാക്കാത്തത് എന്തുകൊണ്ടാണെന്ന് കോടതി ആരാഞ്ഞു. തിരുവിതാംകൂർ ദേവസ്വം കമ്മിഷണറുടെ മുൻപിലാണ് കണക്കെടുപ്പ് നടന്നത്. ദേവസ്വത്തിന്റെ രേഖകളിലും ഇക്കാര്യം വ്യക്തമാക്കിയിരുന്നു. ഭാരക്കുറവ് കണ്ടെത്തിയിട്ടും തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ഭരണാധികാരികൾ എന്തുകൊണ്ട് ഇക്കാര്യം അന്വേഷിച്ചില്ല എന്ന ചോദ്യവും കോടതി ഉയർത്തി. അനുമതിയില്ലാതെ അറ്റകുറ്റപ്പണിക്കായി കൊണ്ടുപോകാൻ തീരുമാനമെടുത്തതിലും കോടതി സംശയമുന്നയിച്ചു.

അനുമതിയില്ലാതെ അറ്റകുറ്റപ്പണിക്കായി കൊണ്ടുപോയത് ചൂണ്ടിക്കാട്ടി ശബരിമല സ്‌പെഷ്യൽ കമ്മിഷണർ ഫയൽചെയ്ത റിപ്പോർട്ടിനെത്തുടർന്നാണ് കോടതി സ്വമേധയാ ഇടപെട്ടത്. ശബരിമല ശ്രീകോവിലിന് ഇരുവശത്തുമുള്ള ദ്വാരപാലക ശില്പങ്ങളിലെ, അറ്റകുറ്റപ്പണിക്കായി അയച്ച സ്വർണപ്പാളികൾ ഉടൻ തിരികെയെത്തിക്കാൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ശബരിമല സ്‌പെഷ്യൽ കമ്മിഷണറെയും ഹൈക്കോടതിയെയും അറിയിക്കാതെ സ്വർണപ്പാളികൾ അഴിച്ചെടുത്ത് ചെന്നൈയിൽ കൊണ്ടുപോയതിൽ നടപടിയെടുക്കാതിരിക്കാൻ കാരണമുണ്ടെങ്കിൽ അറിയിക്കാനും നിർദേശിച്ചിരുന്നു. ഇത്തരം പ്രവർത്തനങ്ങൾക്ക് ഹൈക്കോടതിയുടെ അനുമതി തേടണമെന്നുമുള്ള നിർദേശം പാലിക്കപ്പെട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഉത്തരവ്.

ശബരിമല ദ്വാരപാലക ശിൽപങ്ങൾക്ക് സ്വർണ പീഠം കൂടി നിർമിച്ച് നൽകിയിരുന്നതായി സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റി ബുധനാഴ്ച പ്രതികരിച്ചിരുന്നു. ഇവ ഇപ്പോൾ എവിടെയാണെന്ന് അറിയില്ലെന്നും മൂന്നുപവൻ സ്വർണമാണ് ഇതിനായി ഉപയോഗിച്ചതെന്നും അദ്ദേഹം പറഞ്ഞു. 2019-ൽ ഉണ്ണികൃഷ്ണൻ പോറ്റിയുടെ സ്‌പോൺസർഷിപ്പിൽ ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസിലായിരുന്നു ചെമ്പുപാളികൾക്ക് സ്വർണംപൂശിയിരുന്നത്. ആ ഘട്ടത്തിൽ തന്നെ ദ്വാരപാലക ശിൽപങ്ങൾക്ക് പീഠം കൂടി നിർമിച്ചു നൽകാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു. ചെന്നൈയിലെ സ്ഥാപനം തന്നെയാണ് പീഠം നിർമിച്ചത്. മൂന്നുപവൻ സ്വർണമാണ് ഉപയോഗിച്ചത്. മറ്റുലോഹങ്ങളും കൂടി ചേരുന്നതായിരുന്നു ഈ പീഠം. കോവിഡ് നിയന്ത്രണങ്ങളുള്ള സമയമായതിനാൽ ഒരു കൂട്ടം ഭക്തരെയേൽപിച്ച് സന്നിധാനത്ത് എത്തിക്കുകയായിരുന്നു.

 

Leave A Comment