പൊന്നാനി: മലപ്പുറം, പത്തനംതിട്ട ടൗണുകൾ ഉൾപ്പെടുത്തി അതിവേഗ റെയിൽപാതയ്ക്ക് (കേരള ഹൈസ്പീഡ് റെയിൽവേ) പുതിയ അലൈൻമെൻ്റ് ഒരുക്കി മെട്രോമാൻ ഇ.ശ്രീധരൻ. 465 കിലോമീറ്റർ പാത 54,500–56,500 കോടി രൂപ ചെലവിൽ നിർമിക്കാമെന്നാണ് കണക്കുക്കൂട്ടൽ. നേരത്തേ 430 കിലോമീറ്ററിന് 86,000 കോടി മുതൽ ഒരു ലക്ഷം കോടി രൂപ വരെ പ്രതീക്ഷിച്ചിരുന്ന ചെലവ് വിവിധ മാർഗങ്ങളിലൂടെ കുറയ്ക്കാനാകും. വിശദ പദ്ധതിരേഖയ്ക്കു മുന്നോടിയായുള്ള പ്രാഥമിക പഠനപ്രകാരം, സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ആർആർടിഎസിന്റെ നാലിലൊന്നു ചെലവിൽ അതിവേഗ റെയിൽ യാഥാർഥ്യമാക്കാമെന്നാണു പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
നേരത്തേ അടൂർ, ചെങ്ങന്നൂർ വഴി നിർദേശിച്ച പാത കൊട്ടാരക്കരയിൽനിന്ന് പത്തനംതിട്ട വഴി തിരുവല്ല റൂട്ടിലാക്കി. തൃശൂരിൽനിന്ന് കുന്നംകുളം–എടപ്പാൾ– തിരൂർ– കരിപ്പൂർ വഴി നിർദേശിച്ച പാത പട്ടാമ്പി–മലപ്പുറം–കരിപ്പൂർ വഴിയാക്കി. തിരുവനന്തപുരം സെൻട്രൽ സ്റ്റേഷൻ ഭൂഗർഭ സ്റ്റേഷനാകും. അവിടെനിന്ന് തിരുവനന്തപുരം വിമാനത്താവളം വരെ തുരങ്കത്തിലൂടെ പോകും.
നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെപി അധികാരത്തിൽ വന്നാൽ 3 മാസം കൊണ്ട് അതിവേഗ പാതയുടെ നിർമാണം ആരംഭിക്കുമെന്ന് ഇ.ശ്രീധരൻ പറഞ്ഞു. സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ അതിവേഗ പാതയുമായി ബന്ധപ്പെട്ട് ചർച്ച നടത്തിയിരുന്നു. മറ്റു പാർട്ടിക്കാർ ബന്ധപ്പെട്ടിട്ടില്ല. റെയിൽവേ മന്ത്രിയുടെ വാക്കാലുള്ള നിർദേശത്തെത്തുടർന്നാണ് വിശദ പദ്ധതിരേഖ (ഡിപിആർ) തയാറാക്കുന്നതിലേക്കു കടന്നത്. ഇതിനിടെ സംസ്ഥാനം ആർആർടിഎസ് പദ്ധതി അവതരിപ്പിച്ചതിനാലാണ് ഇക്കാര്യത്തിൽ കേന്ദ്രം രേഖാമൂലം ഉത്തരവ് പുറപ്പെടുവിക്കാത്തതെന്നും അദ്ദേഹം വ്യക്തമാക്കി.

