കൊല്ലം: കൊല്ലത്തെ രണ്ട് പ്രമുഖ എൽ.ഡി.എഫ്. നേതാക്കൾകൂടി യു.ഡി.എഫിലെത്തി. ഇടത് നിരീക്ഷകൻ എന്നനിലയിൽ ചാനൽ ചർച്ചകളിൽ സജീവമായിരുന്ന സി.പി.എമ്മിലെ ബി.എൻ. ഹസ്കർ, ജില്ലയിലെ മുതിർന്ന സി.പി.ഐ. നേതാവ് എ. മുസ്തഫ എന്നിവരാണ് ആർ.എസ്.പി.യിൽ ചേർന്നത്. ചവറയിൽ നടന്ന ബേബിജോൺ അനുസ്മരണ സമ്മേളനത്തിൽ ഇരുവരും പാർട്ടിയിൽ ചേരുകയായിരുന്നു. ആർ.എസ്.പി. സംസ്ഥാന സെക്രട്ടറി ഷിബു ബേബിജോൺ, പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ, ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു യു.ഡി.എഫ്. പ്രവേശം.
മുഖ്യമന്ത്രി പിണറായി വിജയനെ ചാനൽ ചർച്ചയിൽ വിമർശിച്ചതിനെത്തുടർന്ന് സി.പി.എം. വിലക്ക് നേരിട്ട ബി.എൻ. ഹസ്കർ ആർ.എസ്.പി.യിലേക്ക് പോകുമെന്ന് ഏറെക്കുറെ ഉറപ്പായിരുന്നു. എസ്.എൻ.ഡി.പി.യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ മുഖ്യമന്ത്രി ഔദ്യോഗിക കാറിൽ കയറ്റിയതിനെയാണ് ചാനൽ ചർച്ചയിൽ ഹസ്കർ വിമർശിച്ചത്. എസ്.എൻ.കോളേജിൽ പഠിക്കുമ്പോൾ എസ്.എഫ്.ഐ.യുടെ സജീവ പ്രവർത്തകനായിരുന്നു ഹസ്കർ.

