ഇന്ത്യയുടെ പുതിയ ഉപരാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ട് എൻഡിഎ സ്ഥാനാർത്ഥി സി പി രാധാകൃഷ്ണൻ. നിലവില്‍ മഹാരാഷ്ട്ര ഗവർണറാണ് സി പി രാധാകൃഷണ്ൻ.ആകെ പോള്‍ ചെയ്ത 767 വോട്ടുകളില്‍ 452 വോട്ടുകള്‍ നേടിയാണ് സി പി രാധാകൃഷ്ണൻ്റെ വിജയം. 152 വോട്ടിൻ്റെ ഭൂരിപക്ഷത്തിനാണ് സി പി രാധാകൃഷ്ണൻ തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ഇൻഡ്യാ മുന്നണി സ്ഥാനാർത്ഥി ബി സുദർശൻ റെഡ്ഡിക്ക് 300 വോട്ടുകള്‍ നേടി. 15 വോട്ടുകള്‍ അസാധുവായി. പ്രതിപക്ഷ മുന്നണിയ്ക്ക് ലഭിക്കേണ്ടിയിരുന്ന 24 വോട്ടുകള്‍ സി പി രാധാകൃഷ്ണന് അധികമായി ലഭിച്ചിട്ടുണ്ട്. ആർഎസ്‌എസിൻ്റെ വളരെ പ്രധാനപ്പെട്ട നേതാക്കളില്‍ ഒരാളാണ് സി പി രാധാകൃഷ്ണൻ എന്നതും ശ്രദ്ധയമാണ്. ആർഎസ്‌എസിലൂടെ വന്ന നേതാവിനെ തന്നെ ഉപരാഷ്ട്രപതി പദവിയിലേയ്ക്ക് നിയോഗിക്കുക എന്ന രാഷ്ട്രീയ തീരുമാനം കൂടിയാണ് ഇതിലൂടെ ബിജെപി നടപ്പിലാക്കിയിരിക്കുന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്. പാർലമെൻ്റിൻ്റെ ഇരുസഭകളിലെയും എം പിമാർ ചേർന്ന് രഹസ്യബാലറ്റിലൂടെയാണ് രാധാകൃഷ്ണനെ തെരഞ്ഞെടുത്തത്. ബിആർഎസ്, ബിജെഡി, അകാലി ദള്‍ എന്നീ പാർട്ടികള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു.ഉപരാഷ്ട്രപതിയായിരുന്ന ജഗ്ദീപ് ധൻകർ കാലാവധി പൂർത്തിയാക്കുന്നതിന് മുൻപ് അപ്രതീക്ഷിതമായി രാജി സമർപ്പിച്ചതോടെയാണ് ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് അനിവാര്യമായത്.

