ജയ്പൂർ: മനുഷ്യർ വലിച്ചെറിഞ്ഞ പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യം തിന്നുന്ന ഒരു പുള്ളിപ്പുലിയുടെ വീഡിയോ വൈറലാകുന്നു. രാജസ്ഥാനിലെ സിരോഹി ജില്ലയിലെ മൗണ്ട് അബുവിന് സമീപത്തു നിന്നും പകർത്തിയതാണിത്. ഐ.എഫ്.എസ് ഉദ്യോഗസ്ഥനായ പർവീൺ കസ്വാനാണ് ഇതിന്റെ വീഡിയോ പങ്കുവച്ചിരിക്കുന്നത്.
വീഡിയോയിൽ ഒരു മാലിന്യക്കൂമ്പാരങ്ങൾക്കിടയിൽ നിന്ന് പുള്ളിപ്പുലി മാലിന്യം തിന്നുന്നത് കാണാം. ചുറ്റും പ്ലാസ്റ്റിക്ക് അടക്കമുള്ള മാലിന്യവും കാണാം. വെറും 17 സെക്കന്റ് മാത്രമാണ് വീഡിയോയുടെ ദൈർഘ്യം. വീഡിയോ വൈറലായതിന് പിന്നാലെ നിരവധിപേരാണ് കമന്റുമായി രംഗത്തെത്തിയത്. വളരെ ദുഃഖകരമായ കാഴ്ചയാണെന്നാണ് അഭിപ്രായപ്പെടുന്നത്.

