ഇന്ത്യൻ സ്വാതന്ത്ര്യ ദിനം വിപുലമായി ആഘോഷിച്ച് ബഹ്റൈനിലെ പ്രവാസികൾ . ഇന്ത്യൻ എംബസിയുൾപ്പെടെ വിവിധ പ്രവാസി സംഘടനകൾ ഇന്ത്യയുടെ സ്വാതത്ര്യദിനം സമുചിതമായി ആഘോഷിച്ചു.
ഇന്ത്യയുടെ 79-ാമത് സ്വാതന്ത്ര്യ ദിനത്തിൽ ബഹ്റൈൻ ഇന്ത്യൻ എംബസിയില്‍ ഇന്ത്യൻ സ്ഥാനപതി വിനോദ് കെ. ജേക്കബ് ദേശീയ പതാക ഉയർത്തി.ഇന്ത്യൻ പ്രസിഡന്റ് ദ്രൗപതി മുർമുവിന്റെ സ്വാതന്ത്ര്യ ദിന സന്ദേശത്തില്‍ നിന്നുള്ള ഭാഗങ്ങള്‍ അംബാസഡർ വായിച്ചു. നൂറുകണക്കിന് ഇന്ത്യക്കാർ ചടങ്ങില്‍ പങ്കെടുത്തു. ബഹ്റൈൻ ഇന്ത്യൻ ക്ലബ്ബിൽ ഇന്ന് രാവിലെ നടന്ന പതാക ഉയർത്തൽ ചടങ്ങോടെ 79-ാമത് ഇന്ത്യൻ സ്വാതന്ത്ര്യദിന ആഘോഷങ്ങൾക്ക് തുടക്കമായി.ലളിതമായ ചടങ്ങുകളോടെ നടന്ന പരിപാടിയിൽ ഇന്ത്യൻക്ലബ് പ്രസിഡൻറ് ക്യാഷ്യസ് പെരേര സ്വാതന്ത്ര്യദിന സന്ദേശം കൈമാറി.ഇന്ത്യൻ ക്ലബ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ,മറ്റ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു
ബഹ്റൈനിലെ പ്രമുഖ സംഘടനയായ കേരളീയ സമാജവും ഇന്ത്യൻ സ്വാതന്ത്ര്യ ദിനം ഗംഭീരമായി ആഘോഷിച്ചു.ഇന്ന് രാവിലെ നടന്ന ചടങ്ങിൽ ബികെഎസ് ആക്റ്റിംഗ് പ്രസിഡൻറ് ദിലീഷ് കുമാർ പതാക ഉയർത്തി.പരിപാടിയിൽ ആക്ടിംഗ് സെക്രട്ടറി മഹേഷ് ജി പിള്ള, സാഹിത്യ വിഭാഗം സെക്രട്ടറി വിനയചന്ദ്രൻ നായർ ,സമ്മർ ക്യാമ്പ് ഡയറക്ടർ ഉദയൻ , മുൻ ഇന്ത്യൻ നേവി ഉദ്യോഗസ്ഥൻ വേണുഗോപാൽ ബാലകൃഷ്ണൻ, ചാരിറ്റി കൺവീനർ കെ ടി സലിം, ഫൈസൽ, റജി , ബിജോയ്, സക്കറിയ തുടങ്ങിയവർ പങ്കെടുത്തു.ഇന്ന് വൈകിട്ട് അഞ്ചുമണിക്ക് സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ബി കെ എസ് സാഹിത്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ പ്രസംഗം മത്സരം സമാജത്തിൽ സംഘടിപ്പിക്കും.

ബഹ്റൈൻ മീഡിയ സിറ്റിയും ഇന്ത്യൻ സ്വാതന്ത്ര്യ ദിനം വിപുലമായി ആഘോഷിച്ചു. നിരവധി പേർ പങ്കെടുത്ത പരിപാടിയിൽ ശ്രാവണ മഹോത്സവം 2025 ഓർഗനൈസിംഗ് കമ്മിറ്റി ചെയർമാൻ സുധീർ തിരുനലത്ത് പതാക ഉയർത്തി സ്വാതന്ത്ര്യദിന സന്ദേശം നൽകി.

ബി എം സി എക്സിക്യൂട്ടീവ് മാനേജർ ജെമി ജോൺ സ്വാഗതം ആശംസിച്ച ചടങ്ങിൽ ശ്രാവണ മഹോത്സവം 2025 സ്പോൺസർഷിപ്പ് കമ്മിറ്റി ചെയർമാൻ ഇ വി രാജീവൻ, ബഹ്റൈനിലെ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരായ ഷറഫുദ്ദീൻ, ഗോപാലൻ ,അൻവർ നിലമ്പൂർ, അജിത് ,മണിക്കുട്ടൻ തുടങ്ങിയവർ സംസാരിച്ചു.മൻഷീർ പ്രതിജ്ഞ വാചകം ചൊല്ലിക്കൊടുത്തു. ആന്റോ ജോസഫ് നന്ദി രേഖപ്പെടുത്തി.

കെ സി എ അങ്കണത്തിൽ സ്വാതന്ത്ര്യദിന ആഘോഷ ചടങ്ങിൽ കെ സി എ ജനറൽ സെക്രട്ടറി വിനു ക്രിസ്റ്റി സ്വാഗതം ആശംസിച്ചു.കെ സി എ പ്രസിഡന്റ് ജെയിംസ് ജോൺ ഇന്ത്യൻ ദേശിയ പതാക ഉയർത്തി.തുടർന്ന് കെ സി എ അംഗങ്ങൾ ദേശിയ പ്രതിജ്ഞ ചെയ്തു. കെ സി എ പ്രസിഡന്റ് ജെയിംസ് ജോൺ സ്വാതന്ത്ര്യ ദിന സന്ദേശം നൽകി.

രാജ്യസ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും പ്രതിജ്ഞ ഉറക്കചൊല്ലിയും ദേശീയഗാനമാലപിച്ചും ബഹ്റൈനിലെ മറ്റു സംഘടനകളായ സീറോ മലബാർ സൊസൈറ്റി ,

ഗുരുദേവ സോഷ്യൽ സൊസൈറ്റി,എ കെ സി സി എന്നിവയും ഇന്ത്യൻ സ്വാതന്ത്ര്യ ദിനം സമുചിതമായി ആഘോഷിച്ചു.

