കറാച്ചി: പാകിസ്ഥാനിലെ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ ആരോഗ്യസ്ഥിതിയുടെ സത്യാവസ്ഥ പുറത്തറിയിക്കാൻ അധികാരികളെ പ്രേരിപ്പിക്കാനായി ജനങ്ങൾ മുന്നോട്ടുവരണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹത്തിന്റെ മകൻ കാസിം ഖാൻ രംഗത്തെത്തി. ഇമ്രാൻ ജീവിച്ചിരിക്കുന്നു എന്നതിന് തെളിവില്ലെന്നും കുടുംബാംഗങ്ങൾക്കും പാർട്ടി പ്രവർത്തകർക്കും കാണാൻ അനുവാദമില്ലെന്നും അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയിലും ചികിത്സാ രീതികളിലും ഒരുതരത്തിലുള്ള സുതാര്യതയും ഇല്ലെന്നും കാസിം ഖാൻ ആരോപിച്ചു.
‘പിതാവിനെ 845 ദിസമായി തടവിലാക്കിയിരിക്കുകയാണ്. കഴിഞ്ഞ ആറാഴ്ചയായി അദ്ദേഹം മരണസെല്ലിൽ ഏകാന്ത തടവിലായിരുന്നു. അദ്ദേഹത്തെ കാണാൻ സന്ദർശകരെ അനുവദിക്കുന്നില്ല. കോടതി ഉത്തരവുകൾ പോലും ലംഘിച്ചാണ് ഇതെല്ലാം ചെയ്യുന്നത്. ഇമ്രാന്റെ സഹോദരിമാർക്ക് സന്ദർശനാനുമതി ആവർത്തിച്ച് നിഷേധിക്കപ്പെട്ടു. മക്കൾക്ക് അദ്ദേഹവുമായി സമ്പർക്കമില്ല. ജീവിച്ചിരിക്കുന്നതിന് ഒരു തെളിവുമില്ല. ഇങ്ങനെയെല്ലാം ചെയ്യുന്നത് സുരക്ഷാ പ്രോട്ടോകോളിന്റെ ഭാഗമല്ല. മറിച്ച് ഇമ്രാന്റെ ആരോഗ്യസ്ഥിതി മറച്ചുവയ്ക്കാനുള്ള ബോധപൂർവമായ ശ്രമമാണ്’-കാസിം ഖാൻ എക്സിൽ കുറിച്ചു. ഇമ്രാന് എന്തെങ്കിലും സംഭവിച്ചാൽ പാകിസ്ഥാൻ സർക്കാരും സർക്കാര നിർദ്ദേശങ്ങൾ അനുസരിക്കുന്നവരുമായിരിക്കും ഉത്തരവാദികൾ എന്നും കാസിം ഖാൻ പറഞ്ഞു. ഇമ്രാന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള സത്യാവസ്ഥ പുറത്തുകൊണ്ടുവരാൻ ആഗോള മനുഷ്യാവകാശ സംഘടനകളും ജനാധിപത്യ സർക്കാരുകളും മുന്നോട്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

