ന്യൂഡൽഹി: ഇൻഡിഗോ വിമാന സർവീസുകൾ ഇന്നും കൂട്ടത്തോടെ റദ്ദാക്കുമെന്ന് സൂചന. രാജ്യത്തെ പല വിമാനത്താവളങ്ങളിലും ബുക്ക് ചെയ്ത വിമാനയാത്രകളെല്ലാം നിറുത്തിവച്ചു. ഇന്നലെ രാത്രി കൊച്ചിയിൽ നിന്നും ഹൈദരാബാദിലേക്ക് പുറപ്പെടേണ്ട വിമാനത്തിലെ യാത്രക്കാർക്ക് ഇന്ന് പുലർച്ചെയാണ് വിമാനം റദ്ദാക്കി എന്ന വിവരം ലഭിച്ചത്. ഇതോടെ യാത്രക്കാർ വിമാനത്താവളത്തിൽ പ്രതിഷേധിച്ചു. ഇൻഡിഗോ ജീവനക്കാരെ തടഞ്ഞുവച്ചായിരുന്നു പ്രതിഷേധം. വിമാന സർവീസുകൾ ഇനിയും വെട്ടിക്കുറയ്ക്കുമെന്നാണ് ഇൻഡിഗോ അറിയിച്ചിരിക്കുന്നത്. സാധാരണനിലയിലെത്താൻ രണ്ടുമാസം സമയമെടുക്കുമെന്ന് അറിയിച്ച കമ്പനി യാത്രക്കാർക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടിൽ ഖേദം പ്രകടിപ്പിച്ചു. സ്ഥിതി മെച്ചപ്പെടുത്താൻ ശ്രമം തുടരുന്നുവെന്നാണ് കമ്പനി അറിയിക്കുന്നത്.
550ലധികം വിമാന സർവീസുകളാണ് ഇൻഡിഗോ ഇന്നലെ റദ്ദാക്കിയത്. 20 വർഷം ഇൻഡിഗോയുടെ ചരിത്രത്തിൽ ഇത്രയധികം വിമാനങ്ങൾ റദ്ദാക്കുന്നത് ആദ്യമായാണ്. പ്രതിദിനം ഏകദേശം 2,300 വിമാനങ്ങളാണ് ഇൻഡിഗോ സർവീസ് നടത്തുന്നത്. ഇതിൽ 19.7 ശതമാനം വിമാനങ്ങൾ മാത്രമാണ് ബുധനാഴ്ച കൃത്യസമയത്ത് പറന്നത്. ചൊവ്വാഴ്ച റിപ്പോർട്ട് ചെയ്ത 35 ശതമാനത്തിൽ നിന്നും കുത്തനെയുള്ള ഇടിവായിരുന്നു ഇത്. സിവിൽ ഏവിയേഷൻ മന്ത്രാലയവും ഡിജിസിഎയും മുതിർന്ന ഇൻഡിഗോ ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് വിഷയം പരിഹരിക്കാനുള്ള തിരക്കിട്ട നീക്കത്തിലാണ്. പൈലറ്റുമാർക്ക് വിശ്രമം ഉറപ്പാക്കാൻ ഡിജിസിഎ ഏർപ്പെടുത്തിയ ഫ്‌ലൈറ്റ് ഡ്യൂട്ടി ടൈം ലിമിറ്റേഷൻ (എഫ്ഡിടിഎൽ) നടപ്പാക്കുന്നതിലെ വീഴ്ചയാണു വിമാന സർവീസുകൾ താളംതെറ്റാൻ കാരണം. കോഴിക്കോട്ടേക്കുള്ള യാത്രക്കാർ ഇന്നലെ 11 മണിക്കൂറിലേറെയാണ് ബെംഗളൂരു വിമാനത്താവളത്തിൽ വലഞ്ഞത്. തിരുവനന്തപുരത്തേക്കും തിരിച്ചുമുള്ള ഇൻഡിഗോ വിമാനങ്ങൾ അഞ്ചു മണിക്കൂറുകളോളം വൈകിയതു യാത്രക്കാരെ വലച്ചു.

