തോന്നുംപടി യാത്രാക്കൂലി കൂട്ടാനാവില്ല; വിമാനക്കമ്പനികൾക്ക് മൂക്കുകയറിടാൻ കേന്ദ്രം

  • Home-FINAL
  • Business & Strategy
  • തോന്നുംപടി യാത്രാക്കൂലി കൂട്ടാനാവില്ല; വിമാനക്കമ്പനികൾക്ക് മൂക്കുകയറിടാൻ കേന്ദ്രം

തോന്നുംപടി യാത്രാക്കൂലി കൂട്ടാനാവില്ല; വിമാനക്കമ്പനികൾക്ക് മൂക്കുകയറിടാൻ കേന്ദ്രം


ന്യൂഡൽഹി: ഇൻഡിഗോ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ വിമാനയാത്രാനിരക്ക് കുത്തനെ കൂട്ടുന്ന വിമാനക്കമ്പനികൾക്ക് മൂക്കുകയറിടാൻ കേന്ദ്രം. പ്രതിസന്ധി ബാധിക്കപ്പെട്ട റൂട്ടുകളിലെ യാത്രാക്കൂലിക്ക് കേന്ദ്രം പരിധി നിശ്ചയിച്ച് ഉത്തരവിട്ടു. ഇതിനു മുകളിലുള്ള നിരക്ക് ഈടാക്കാൻ പാടില്ല. കോവിഡ് കാലത്താണ് സമാനമായ നിയന്ത്രണം കേന്ദ്രം ഏർപ്പെടുത്തിയത്. വിമാനക്കമ്പനികൾ അസാധാരണമാംവിധം ഉയർന്ന വിമാനക്കൂലി ഈടാക്കുന്നതിനെക്കുറിച്ചുള്ള ആശങ്കകൾ ഗൗരവമായെടുത്തിട്ടുണ്ടെന്ന് വ്യോമയാനമന്ത്രാലയം അറിയിച്ചു.

അവസരം മുതലെടുത്ത് യാത്രാക്കൂലി കൂട്ടുന്നതിൽനിന്ന് യാത്രക്കാരെ സംരക്ഷിക്കുന്നതിനായി എല്ലാ ബാധിത റൂട്ടുകളിലും മന്ത്രാലയം അതിന്റെ നിയന്ത്രണ അധികാരങ്ങൾ ഉപയോഗപ്പെടുത്തിയതായി അറിയിച്ചു. സ്ഥിതിഗതികൾ സാധാരണഗതിയിൽ എത്തുംവരെ ഈ നിയന്ത്രണം വിമാനനിരക്കുകൾ നിരീക്ഷിക്കുന്ന തുടരുമെന്നും മന്ത്രാലയം അറിയിച്ചു. ഇൻഡിഗോ സർവീസുകൾ താറുമാറായതിനു പിന്നാലെ മറ്റു വിമാനക്കമ്പനികളിലെ യാത്രാക്കൂലി കുത്തനെ കൂട്ടിയിരുന്നു. ഇൻഡിഗോ സർവീസ് റദ്ദായവർക്ക് ഇത് വൻതിരിച്ചടിയായി.

ഇന്ന് ഡൽഹിയിൽനിന്ന് തിരുവനന്തപുരത്തേക്കുള്ള നോൺ-സ്റ്റോപ്പ് എയർ ഇന്ത്യ ടിക്കറ്റിന് 55,955 മുതൽ 64,557 രൂപ വരെയാണ് നിരക്ക്. കൊച്ചിയിലേക്കുള്ള ടിക്കറ്റ് നിരക്ക് 38,000 രൂപ കടന്നു. യാത്രാക്കൂലി കൂട്ടരുതെന്നു കഴിഞ്ഞ ദിവസം വ്യോമയാനമന്ത്രി തന്നെ കമ്പനികൾക്ക് നിർദേശം നൽകിയിരുന്നെങ്കിലും ഇത് മുഖവിലയ്ക്കെടുത്തില്ലെന്നാണ് നിരക്കുകൾ വ്യക്തമാക്കുന്നത്.

Leave A Comment