മുഖ്യമന്ത്രി പിണറായി വിജയന്റെ ബഹ്റൈൻ സന്ദർശനവും ‘പ്രവാസി സംഗമം’ എന്ന പേരിൽ കൊട്ടിഘോഷിച്ച പരിപാടിയും വെറും പ്രഹസനമായി മാറിയെന്ന് ഐ.വൈ.സി.സി ബഹ്റൈൻ ആരോപിച്ചു. പ്രവാസികൾക്കായി പുതിയ പദ്ധതികളോ സുപ്രധാന പ്രഖ്യാപനങ്ങളോ ഉണ്ടായില്ല. പ്രവാസി വിഷയങ്ങളിൽ കാര്യമായ അഭിപ്രായ പ്രകടനം പോലും നടത്താതെ നടത്തിയ മുഖ്യമന്ത്രിയുടെ പ്രസംഗം, അദ്ദേഹത്തിന്റെ ഗൾഫ് പര്യടനം വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള ഒരു ‘പി.ആർ. വർക്ക്’ മാത്രമാണെന്ന യു.ഡി.എഫ്. സംഘടനകളുടെ ആരോപണങ്ങളെ ശരിവെക്കുന്നതാണെന്നും ഐ.വൈ.സി.സി. ചൂണ്ടിക്കാട്ടി.മുൻപ് നൽകിയ വാഗ്ദാനങ്ങളിൽ എത്രയെണ്ണം നടപ്പിലാക്കി എന്ന് പറയാതിരുന്നത്, അതെല്ലാം വെറും വാക്കുകൾ മാത്രമായിരുന്നു എന്നതിന്റെ ജാള്യത കൊണ്ടാണെന്നും ഐ.വൈ.സി.സി. നേതാക്കൾ കുറ്റപ്പെടുത്തി.

