ഇന്ത്യക്ക് പുറത്തെ ആദ്യത്തെ കോൺഗ്രസ് യുവജന കൂട്ടായ്മ ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസിന്റെ (ഐ വൈ സി സി -ബഹ്റൈൻ) പത്താമത് യൂത്ത് ഫെസ്റ്റ് ജൂൺ 27 ന് ബഹ്റൈൻ കേരളീയ സമാജത്തിൽ വെച്ച് നടക്കുമെന്ന് ഭാരവാഹികൾ പത്ര സമ്മേളനത്തിൽ അറിയിച്ചു. 2013 മാർച്ച് 15 ന് രൂപം കൊണ്ട സംഘടന ഗൾഫ് മേഖലയിലും, നാട്ടിലും ജീവ കാരുണ്യ, ആതുര, സാമൂഹിക, സാംസ്കാരിക മേഖലകളിൽ സജീവമാണ്.
ജൂൺ 27 ന് നടക്കുന്ന പരിപാടിയിൽ കേരളത്തിൽ നിന്നുള്ള യുവ ഗായകൻ ഹനാൻ ഷാ യുടെ സംഗീതനിശ പരിപാടിക്ക് മാറ്റുകൂട്ടും. ബഹ്റൈനിലെ പ്രമുഖ കലാകാരന്മാരുടെ കലാ പരിപാടികളും, സാംസ്കാരിക സദസ്സും നടക്കും. കേരളത്തിൽ നിന്നും യൂത്ത് കോൺഗ്രസ്, കോൺഗ്രസ് നേതാക്കൾ പരിപാടിയിൽ പങ്കെടുക്കും. ധീര രക്തസാക്ഷി ഷുഹൈബിന്റെ പേരിൽ ഏർപ്പെടുത്തിയ ഷുഹൈബ് മിത്ര പുരസ്കാരം വേദിയിൽ വെച്ച് ഗൾഫ് മേഖലയിലെ മികച്ച സാമൂഹിക പ്രവർത്തകന് സമ്മാനിക്കും. അവർഡിന് അർഹനായ വ്യക്തിയെ ഏതാനം ദിവസങ്ങൾക്കകം പ്രഖ്യാപിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. യൂത്ത് ഫെസ്റ്റിന്റെ ഭാഗമായി കലാജാഥ സംഘടിപ്പിക്കും. യുവ ജനങ്ങളെ വിഴുങ്ങുന്ന ലഹരിക്ക് എതിരെയുള്ള ബോധവത്കരണവും, അതിനെതിരെയുള്ള അവബോധവും സൃഷ്ടിക്കുന്നതിനായി ലഘു നാടകം കലാ ജാഥയുടെ ഭാഗമായി സംഘടനയുടെ 9 ഏരിയ കളിലും അതാത് പ്രദേശങ്ങളിലെ ഐ വൈ സിസി ഏരിയ ഭാരവാഹികളുടെ നേതൃത്വത്തിലും, യൂത്ത് ഫെസ്റ്റ് പ്രോഗ്രാം കമ്മറ്റിയുടെ അഭിമുഖ്യത്തിലും നടത്തും. അതാത് ഏരിയ യിലെ സാമൂഹിക, സാംസ്കാരിക, മാധ്യമ പ്രവർത്തകരും, വിദ്യാർഥികൾ ഉൾപ്പടെ പൊതു സമൂഹത്തിൽ നിന്നും ക്ഷണിക്കപ്പെട്ട ആളുകളുടെ മുന്നിലാകും ചെറു നാടകം അവതരിപ്പിക്കുക. കെ പി സി സി കലാവിഭാഗമായ കലാസാഹിതി രചനയും, തിരക്കഥയും എഴുതിയ നാടകമാണ് അവതരിപ്പിക്കുക. കലാസാഹിതിയുടെ നാടകം ആദ്യമായിട്ടാണ് ഇന്ത്യക്ക് പുറത്ത് അവതരിപ്പിക്കുന്നത്.
പ്രസിഡന്റ് ഷിബിൻ തോമസ്, സെക്രട്ടറി രഞ്ജിത്ത് മാഹി ട്രഷറർ ബെൻസി ഗനിയുഡ്, യൂത്ത് ഫെസ്റ്റ് ജനറൽ കൺവീനർ ജിതിൻ പരിയാരം, സബ് കമ്മറ്റി കൺവീനർ മാരായ ഫാസിൽ വട്ടോളി, അൻസാർ താഴ, ജസീൽ പറമ്പത്ത്, നിതീഷ് ചന്ദ്രൻ,ജയഫർ വെള്ളികുളങ്ങര എന്നിവർ വാർത്താ സമ്മേളത്തിൽ പങ്കെടുത്തു. വൈസ് പ്രസിഡന്റ് ഷംഷാദ് കാക്കൂർ, ആർട്സ് വിംഗ് കൺവീനർ റിച്ചി കളത്തുരേത്ത്, മെമ്പർഷിപ്പ് കൺവീനർ സ്റ്റെഫി സാബു എന്നിവർ നേതൃത്വം നൽകി