ജമ്മു: ജമ്മു കശ്മീരിലെ നാല് രാജ്യസഭ സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ നാഷണൽ കോൺഫറൻസിനും ബിജെപിക്കും വിജയം. മൂന്ന് സീറ്റുകളിലാണ് നാഷണൽ കോൺഫറൻസ് വിജയിച്ചത്. വിജയിക്കാനുള്ള അംഗസംഖ്യ ഇല്ലാതിരുന്നിട്ടും ഒരു സീറ്റിലാണ് ബിജെപി നാടകീയ വിജയം സ്വന്തമാക്കിയത്.
മുതിർന്ന മൂന്ന് നാഷണൽ കോൺഫറൻസ് നേതാക്കളാണ് രാജ്യസഭ സീറ്റുകളിൽ വിജയിച്ചത്. മുൻ മന്ത്രിമാരായ ചൗധരി മുഹമ്മദ് റംസാൻ, സജ്ജാദ് അഹമ്മദ് കിച്ച്ലൂ, പാർട്ടി ഖജാൻജി ഗുർവീന്ദർ സിങ് ഒബ്റോയ് എന്നിവരാണ് വിജയിച്ചത്. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ സാത് ശർമ്മയാണ് നാലാമത് സീറ്റിൽ വിജയിച്ചത്. ബിജെപി സ്ഥാനാർത്ഥി ഇമ്രാൻ നബി ദറിനെയാണ് പരാജയപ്പെടുത്തിയത്. 90 അംഗ നിയമസഭയിൽ നിലവിലെ 88 അംഗങ്ങളാണ് തെരഞ്ഞെടുപ്പിനായി ഹാജരായത്. റംസാന് 58 വോട്ടും കിച്ച്ലൂവിന് 57 വോട്ടുകളുമാണ് യഥാക്രമം ലഭിച്ചത്. ബിജെപിക്ക് നിയമസഭയിൽ 28 എംഎൽഎമാരാണുള്ളത്. എന്നാൽ സ്ഥാനാർത്ഥിയായ സാത് ശർമ്മ 32 വോട്ടുകൾ നേടിയതോടെയാണ് വിജയിക്കാൻ കഴിഞ്ഞത്.

