കൊച്ചി: വിദ്യാർഥിനിയായ ജസ്‍ലിയ ജോൺസനെ (19) കാറിടിപ്പിച്ചു കൊലപ്പെടുത്തിയ യുവഡോക്ടർ ഒളിവിൽ. കോട്ടയം അതിരമ്പുഴ പണ്ടാരക്കളം ഡോ. സിറിയക് ജോർജാണ് ഒളിവിൽ കഴിയുന്നത്. പ്രതി രാജ്യം വിടാതിരിക്കാൻ ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിക്കുമെന്ന് പൊലീസ് പറഞ്ഞു. കാർ അപകടം നടന്ന് അഞ്ചു ദിവസം കഴിഞ്ഞിട്ടും പ്രതിയെ പിടികൂടാത്തതിൽ വ്യാപക വിമർശനം ഉയർന്നതോടെയാണ് പ്രത്യേക സംഘത്തെ നിയോഗിക്കാൻ പൊലീസ് തീരുമാനിച്ചത്. ഫെബ്രുവരി 28ന് അങ്കമാലി ടെൽക്ക് ജംക്‌ഷനു സമീപത്തുവച്ചാണ് ഡോ. സിറിയക്കിന്റെ കാറിടിച്ച് വൈപ്പിൻ എടവനക്കാട് കളത്തിപ്പറമ്പ് സ്വദേശിനിയായ ജസ്‍ലിയ ജോൺസൺ കൊല്ലപ്പെട്ടത്. അങ്കമാലി മോണിങ് സ്റ്റാർ ഹോംസയൻസ് കോളജിലെ വിദ്യാർഥിയായിരുന്നു.
അങ്കമാലിയിൽ പാർട്‍ടൈമായി ചെയ്യുന്ന ജോലിക്കു ശേഷം തിരികെ വരികയായിരുന്ന ജസ്‍ലിയയെ പിന്നിൽ നിന്നെത്തിയ കാർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. കാർ നിർത്താതെ ഡോ. സിറിയക് സ്ഥലത്തുനിന്ന് രക്ഷപ്പെടുകയായിരുന്നു. കാർ രണ്ടു ദിവസത്തിനു ശേഷം ആലപ്പുഴ ജില്ലയിലെ തുറവൂരിൽ നിന്നും കണ്ടെത്തി. പിന്നാലെ ഡോ. സിറിയക് ഒളിവിൽ പോവുകയായിരുന്നു.

