ന്യൂഡൽഹി: ജനാധിപത്യം സംരക്ഷിക്കാനുള്ള രണ്ടാം സ്വാതന്ത്ര്യസമരമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിക്കെതിരായ കോൺഗ്രസിന്റെ പോരാട്ടമെന്ന് എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. ഡൽഹിയിൽ മാധ്യമങ്ങളോട് പ്രതികരിക്കുക ആയിരുന്നു കെസി വേണുഗോപാൽ.
നിഷ്പക്ഷത വെടിഞ്ഞാണ് കോടിക്കണക്കിന് വോട്ടർമാരെ കമ്മീഷൻ വോട്ടർപട്ടികയിൽ നിന്ന് നീക്കം ചെയ്തതെന്നും അദ്ദേഹം ആരോപിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷനെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ പാർട്ടി കമ്മിറ്റികളുടെ നിലവാരത്തിലേക്ക് കൊണ്ടുവന്നിരിക്കുകയാണ്. ബി.ജെ.പി. നിയമിച്ച മറ്റ് രണ്ട് കമ്മീഷൻ അംഗങ്ങൾ വിയോജിച്ച വിഷയങ്ങളിൽ പോലും നിയമവിരുദ്ധവും ഭരണഘടനാവിരുദ്ധവുമായ നടപടികൾ സ്വീകരിക്കാൻ ഗ്യാനേഷ് കുമാർ തയ്യാറാകുന്നത് ആർക്കുവേണ്ടിയാണെന്നും കെ.സി. വേണുഗോപാൽ ചോദിച്ചു.
കമ്മീഷന്റെ കൂട്ടുത്തരവാദിത്തം പോലും നഷ്ടപ്പെടുത്തി നരേന്ദ്ര മോദിക്കും അമിത് ഷായ്ക്കും വേണ്ടി മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള ക്രിമിനൽ ഗൂഢാലോചനയുടെ ഭാഗമായെന്നും കെ.സി. വേണുഗോപാൽ ആരോപിച്ചു.