ഇനി കേരളം മാത്രം; കേരള എന്ന പ്രയോഗമില്ല

  • Home-FINAL
  • Kerala
  • ഇനി കേരളം മാത്രം; കേരള എന്ന പ്രയോഗമില്ല

ഇനി കേരളം മാത്രം; കേരള എന്ന പ്രയോഗമില്ല


ന്യൂഡൽഹി: കേരളം ഇനി കേരളയല്ല. ഇവിടം ‘കേരളം” എന്ന് മാത്രം അറിയപ്പെടും. ഭരണഘടനയുടെ ഒന്നാം പട്ടികയിലെ ‘കേരള”യെ ‘കേരളം” എന്നുമാറ്റാൻ കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകി. പ്രധാനമന്ത്രിയുടെ പുതിയ ഓഫീസായ സേവാതീർത്ഥിലെ ആദ്യമന്ത്രിസഭായോഗത്തിലാണ് ചരിത്ര തീരുമാനം.

പേരുമാറ്റത്തിനായി 2024 ജൂൺ ആറിന് കേരള നിയമസഭ പാസാക്കിയ പ്രമേയം പരിഗണിച്ചാണ് നടപടി. നിയമസഭയുടെ അഭിപ്രായം ചേർത്ത് രാഷ്‌ട്രപതിയുടെ അനുമതിയോടെ പേരുമാറ്റ ബിൽ മാർച്ചിലെ ബഡ്‌ജറ്റ് സമ്മേളനത്തിൽ അവതരിപ്പിക്കും. ബിൽ നിയമമായാൽ സംസ്ഥാനവുമായി ബന്ധപ്പെട്ട കേന്ദ്ര സർക്കാർ രേഖകളിൽ ‘കേരള” ‘കേരളം” ആകും.

സ്വാതന്ത്ര്യസമര കാലം മുതൽ മലയാളം സംസാരിക്കുന്നവർക്കായി ഐക്യകേരളം രൂപീകരിക്കണമെന്ന ആവശ്യം പരിഗണിച്ചാണ് 1956 നവംബർ ഒന്നിന് സംസ്ഥാനം രൂപീകരിച്ചത്. എന്നാൽ ഭരണഘടനയുടെ ഒന്നാം പട്ടികയിൽ സംസ്ഥാനത്തിന്റെ പേര് ‘കേരള” എന്നാണ് രേഖപ്പെടുത്തിയത്. ഭരണഘടനയുടെ ആർട്ടിക്കിൾ 3 പ്രകാരം പേര് ‘കേരളം’ എന്ന് ഭേദഗതി ചെയ്യണമെന്നും നിയമസഭയുടെ പ്രമേയം ആവശ്യപ്പെട്ടിരുന്നു.
സ്വാതന്ത്ര്യാനന്തരം പേരുമാറ്റിയ സംസ്ഥാനങ്ങൾ

 ഒഡീഷ (ഒറീസ)-2011

 ഉത്തരാഖണ്ഡ് (ഉത്തരാഞ്ചൽ)-2007

 പുതുച്ചേരി (പോണ്ടിച്ചേരി)-2006

 എൻ.സി.ടി ഡൽഹി (ഡൽഹി)-1992

 തമിഴ്നാട് (മദ്രാസ്)- 1969

 കർണാടക (മൈസൂർ)-1973

 ഉത്തർപ്രദേശ് (യുണൈറ്റഡ് പ്രൊവിൻസസ്)- 1950

Leave A Comment