കണ്ണൂർ: പയ്യാമ്പലം കടലിൽ 3 മെഡിക്കൽ വിദ്യാർഥികൾ മുങ്ങി മരിച്ചു. ബെംഗളൂരുവിലെ മെഡിക്കൽ വിദ്യാർഥികളായ അഫ്‌നാൻ, റഹാനുദ്ദീൻ, അഫ്‌റാസ് എന്നിവരാണ് മരിച്ചത്. എല്ലാവരും കർണാടക സ്വദേശികളാണ്.
കടലിൽ കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെടുകയായിരുന്നു എന്നാണ് സൂചന. സംഘത്തിൽ 8 പേരുണ്ടായിരുന്നു. താമസിക്കുന്ന റിസോർട്ടിനു മുന്നിലെ കടലിലാണ് ഇവർ കൂട്ടമായി ഇറങ്ങിയത്. അഫ്‌റാസാണ് ആദ്യം കടലിൽ ഇറങ്ങിയത്. ഒഴുക്കിൽപ്പെട്ടതോടെ മറ്റു 2 പേർ രക്ഷിക്കാൻ ഇറങ്ങി. മൂന്നുപേരും ഒഴുക്കിൽപ്പെട്ടതോടെ കൂട്ടത്തിലുള്ളവർ നാട്ടുകാരെയും മത്സ്യത്തൊഴിലാളികളെയും അറിയിച്ചു. ഫയർഫോഴ്‌സും പൊലീസും മത്സ്യത്തൊഴിലാളികളും നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.

