കൊല്ലം: കൊല്ലം അഷ്ടമുടിക്കായലിൽ മത്സ്യബന്ധനബോട്ടുകൾ കെട്ടിയിട്ടിരുന്നിടത്തുണ്ടായ വൻ തീപിടിത്തത്തിൽ പതിനഞ്ചോളം ബോട്ടുകൾ കത്തിനശിച്ചു. ആളപായമില്ല. കുരീപ്പുഴ പള്ളിക്ക് സമീപം അയ്യൻകോവിൽ ക്ഷേത്രത്തിനടുത്തായാണ് ഞായറാഴ്ച പുലർച്ചെ രണ്ടരയോടെ അഗ്‌നിബാധ ഉണ്ടായത്. കാരണം വ്യക്തമായിട്ടില്ല. തമിഴ്നാട് സ്വദേശികളുടെ ബോട്ടുകളാണ് ഏറെയും.
ഗ്യാസ്‌കുറ്റികൾ പൊട്ടിത്തെറിക്കുന്നതിനാൽ ആർക്കും അടുത്തേക്ക് പോവാൻ പറ്റാത്ത അവസ്ഥയാണ്. സമീപത്തുള്ള ചീനവലകൾക്കും തീപിടിച്ചിട്ടുണ്ട്. രക്ഷാപ്രവർത്തനത്തിനായി നാട്ടുകാരും മൂന്നേ മുക്കാലോടെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഫയർഫോഴ്‌സ് യൂണിറ്റുകളും സ്ഥലത്തെത്തിയെങ്കിലും ആർക്കും അടുത്തേക്ക് പോവാൻ പറ്റാത്ത സാഹചര്യമാണ്. സമീപമുള്ള ബോട്ടുകളിൽ ചിലത് അഴിച്ച് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിട്ടുണ്ട്. സമീപത്തുള്ള മറ്റ് ചീനവലകളിലേക്ക് തീപടരാതെ സുരക്ഷിതമാക്കിയിട്ടുണ്ട്
നവംബർ 22ന് സമാനമായ സംഭവം ഉണ്ടായിരുന്നു. അന്ന് നങ്കൂരമിട്ട് കിടന്ന രണ്ട് മത്സ്യബന്ധനബോട്ടുകൾക്കാണ് തീപിടിച്ചത്. ആന്ധ്രാസ്വദേശികളായ രാജു,അശോക് എന്നിവർക്ക് നിസ്സാര പരിക്കേറ്റിരുന്നു. ഉച്ചക്ക് ആയിരുന്നു സംഭവം. ശക്തികുളങ്ങര സ്വദേശി രാജുവല്ലേരിയാന്റെ ഹലേലുയ ബോട്ടും പ്ളാസഡ് ജോർജിന്റെ യഹോവ ബോട്ടിനുമാണ്് തീപിടിച്ചത്. ആഹാരം പാകം ചെയ്യുന്നിടത്തു നിന്നും തീ പടർന്നതായിരുന്നു അന്നത്തെ സംഭവം. അന്ന് ബോട്ടുകൾ അഴിച്ചുവിട്ടതുകൊണ്ട് ഒഴുകി ചെളിയിൽ ഉറച്ച് കത്തുകയായിരുന്നു. അതുകൊണ്ട് കൂടുതൽ അപകടം ഇല്ലാതെ രക്ഷപ്പെട്ടു. ഈ സംഭവം രാത്രിയിലായതിനാൽ വൈകിയാണ് അറിഞ്ഞത്

