കൂടത്തിൽ കൊലക്കേസ് പ്രതി രവീന്ദ്രൻ നായർ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ

  • Home page
  • crime
  • കൂടത്തിൽ കൊലക്കേസ് പ്രതി രവീന്ദ്രൻ നായർ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ

കൂടത്തിൽ കൊലക്കേസ് പ്രതി രവീന്ദ്രൻ നായർ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ


തിരുവനന്തപുരം: സ്വത്ത് തട്ടിയെടുക്കാനായി കരമന കൂടത്തിൽ തറവാട്ടിൽ ജയമാധവൻ നായരെ (63) കൊലപ്പെടുത്തിയ കേസിലെ പ്രതി രവീന്ദ്രൻ നായർ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ. നാളെ വൈകിട്ട് നാല് മണി വരെയാണ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി പ്രതിയെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ നൽകിയത്. രവീന്ദ്രനെ വിശദമായി ചോദ്യംചെയ്‌ത് കൊലപാതകത്തിന്റെ ലക്ഷ്യം സംബന്ധിച്ച് കൂടുതൽ തെളിവുകൾ ശേഖരിക്കുകയാണ് അന്വേഷണസംഘത്തിന്റെ ലക്ഷ്യം.

ശാസ്‌ത്രീയ തെളിവുകളുടെയും സാഹചര്യ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് പ്രതിയെ അറസ്റ്റ് ചെയ്‌തത്. കൊലപാതകത്തിന് പിന്നാലെ സ്വത്ത് തട്ടിയെടുക്കാൻ വ്യാജരേഖ തയ്യാറാക്കിയതടക്കമുള്ള കാര്യങ്ങളിൽ കൂടുതൽ തെളിവുകൾ നിരത്തിയാകും ചോദ്യംചെയ്യൽ. ജയമാധവൻ നായരുടെ സഹചാരിയും സഹായിയുമായിരുന്നു രവീന്ദ്രൻ നായർ. കൊലപാതകത്തിലും വ്യാജ ആധാരം രജിസ്റ്റർ ചെയ്‌തതിലും രവീന്ദ്രൻ നായരെ സഹായിച്ചവരെയും ക്രൈംബ്രാഞ്ച് നിരീക്ഷിക്കുന്നുണ്ട്. ഇവരെയും ചോദ്യംചെയ്യും.

ജയമാധവൻ നായരുടെ മരണശേഷം രവീന്ദ്രൻ നായർ, സഹായികളായ സഹദേവൻ, സജു, സെന്തിൽ, അനിൽകുമാർ, ലീല എന്നിവർ കൂടത്തിൽ സ്വത്തിന്റെ അവകാശികളാണെന്ന് വരുത്തിത്തീ‌ർക്കുന്ന തരത്തിലുള്ള വ്യാജരേഖകൾ തയ്യാറാക്കിയെന്നാണ് കണ്ടെത്തൽ. അവകാശികൾ തമ്മിൽ തർക്കമുണ്ടെന്നും കോടതി ഇടപെട്ട് സ്വത്ത് ഭാഗംവയ്‌ക്കണമെന്നും ആവശ്യപ്പെട്ട് സത്യവാങ്മൂലം നൽകി. വ്യാജരേഖകൾ ഉപയോഗിച്ച് കേസ് നീട്ടിക്കൊണ്ടുപോയി. പിന്നീട് ത‌ർക്കം ഒത്തുതീർപ്പായെന്നും സ്വത്ത് ഭാഗംവയ്‌ക്കാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് വീണ്ടും സത്യവാങ്മൂലം നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ കോടതി ഉത്തരവും നേടിയെടുത്തതായി അന്വേഷണസംഘം കണ്ടെത്തി.

കവടിയാറിലെ ഭൂമി തട്ടിപ്പുകേസിലെ പ്രതിയാണ് വ്യാജ ആധാരം തയാറാക്കാന്‍ രവീന്ദ്രന്‍ നായരെയും കൂട്ടാളികളെയും സഹായിച്ചതെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍. രവീന്ദ്രന്‍ നായരുടെ അക്കൗണ്ടില്‍ നിന്ന് ഇയാളുടെ അക്കൗണ്ടിലേക്ക് പത്ത് ലക്ഷം രൂപ കൈമാറിയതിന്റെ രേഖകളും ബാങ്ക് സ്റ്റേറ്റ്‌മെന്റുകളും അന്വേഷണസംഘം ശേഖരിച്ചു.

Leave A Comment