തിരുവനന്തപുരം: കോവളത്തെ സ്പായിൽ 16കാരി ലൈംഗിക ചൂഷണത്തിന് ഇരയായ കേസിൽ സ്ഥാപനത്തിന്റെ യഥാർത്ഥ ഉടമയായ തിരുവനന്തപുരം കോർപ്പറേഷനിലെ ഹെൽത്ത് ഇൻസ്പെക്ടർ അറസ്റ്റിൽ. ഉള്ളൂർ സോണൽ ഓഫീസിലെ ഹെൽത്ത് ഇൻസ്പെക്ടറായ അനുരൂപാണ് അറസ്റ്റിലായത്.
16 കാരി ജോലിക്കുനിന്ന ഡ്രീംസ് എന്ന സ്പാ അനൂപിന്റെ ബിനാമി സ്ഥാപനമാണ് നേരത്തെ അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയിരുന്നു. പൂവാർ സ്വദേശിയായ നിഷാന്തിനെ ബിനാമിയാക്കിയാണ് അനുരൂപ് സ്പാ നടത്തിയിരുന്നത്. നിഷാന്തിനെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സ്പായിൽ വച്ചിരിക്കുന്ന ക്യൂ ആർ കോഡുകളിലൂടെ അയയ്ക്കുന്ന പണം അനുരൂപിന്റെ അക്കൗണ്ടിലേക്കാണ് പോയിരുന്നത്. ഇതിൽ സംശയം തോന്നിയ പൊലീസ് രണ്ടുദിവസമായി നടത്തിയ അന്വേഷണത്തിനൊടുവിൽ വ്യക്തമായ സാങ്കേതിക തെളിവുകളുൾപ്പെടെ ശേഖരിച്ചശേഷമാണ് അനുരൂപിനെ അറസ്റ്റ് ചെയ്തത്.പിന്നാലെ തിരുവനന്തപുരം കോർപ്പറേഷൻ അനുരൂപിനെ സസ്പൻഡ് ചെയ്തു.
നിഷാന്തിന്റെ ഫോൺ രേഖകളുൾപ്പെടെ പൊലീസ് പരിശോധിച്ചു. ദിവസം 25000 രൂപവരെ നിഷാന്തിൽനിന്നും അനുരൂപിന്റെ അക്കൗണ്ടിലേക്ക് എത്തുമായിരുന്നെന്നാണ് പൊലീസ് നൽകുന്ന വിവരം.
