കേരള പ്രോപ്പർട്ടി എക്സ്പോ സമാപിച്ചു

കേരള പ്രോപ്പർട്ടി എക്സ്പോ സമാപിച്ചു


സ്വന്തമായൊരു വീടെന്ന സ്വപ്നം സാക്ഷാത്കരിക്കാൻ ബഹ്റൈനില്‍ മാതൃഭൂമി ഡോട്ട് കോം രണ്ടുദിവസങ്ങളിലായി സംഘടിപ്പിച്ച കേരള പ്രോപ്പർട്ടി എക്സ്പോ സമാപിച്ചു.വെള്ളി, ശനി ദിവസങ്ങളിലായി അഭൂതപൂർവ്വമായ തിരക്കാണ് ബഹ്റൈൻ കേരളീയ സമാജത്തില്‍ അനുഭവപ്പെട്ടത്.സമാപനദിവസമായ ശനിയാഴ്ച രാവിലെ 10 മണിമുതല്‍ എക്സ്പോ ആരംഭിച്ചു. വിവിധ പ്രോജക്ടുകളെക്കുറിച്ച്‌ അറിയാനും ഇഷ്ടപ്പെട്ട പ്രോപ്പർട്ടി ബുക്ക് ചെയ്യാനുമായി രാവിലെ മുതല്‍തന്നെ ആളുകളുടെ വലിയ നിരതന്നെയെത്തി. വിനോദ് കോവൂരിന്റെ രക്ഷിതാക്കള്‍ക്കും അധ്യാപകർക്കുമായുള്ള സ്മാർട്ട് പാരന്റിങ്, കുട്ടികള്‍ക്കായി വിനോദ് കളരി എന്നീ രണ്ട് പരിപാടികളുമുണ്ടായി.വൈകീട്ട് ജേർണലിസത്തിലെ കരിയർ സാധ്യതകളെക്കുറിച്ച്‌ മാതൃഭൂമി ഡെപ്യൂട്ടി എഡിറ്റർ പി.പി ശശീന്ദ്രൻ പ്രഭാഷണം നടത്തി. വെള്ളിയാഴ്ച ആരോഗ്യമേഖലയിലെ വിദഗ്ധരുമായി കേരളത്തിലെ നിക്ഷേപ സാധ്യതകളെക്കുറിച്ച്‌ ക്രഡായി കേരള സി.ഇ.ഒ. സേതുനാഥ് മുകുന്ദൻ സംവദിച്ചു. ഡോക്ടർമാരും നഴ്സുമാരും ഉള്‍പ്പെടെയുള്ളവർ പങ്കെടുത്തു. ശനിയാഴ്ച വൈകീട്ട് നടന്ന സമാപനചടങ്ങില്‍ എംടിഎസ് ഗ്രൂപ്പ് ചെയർമാൻ ഹുസൈൻ അഹമ്ദ് അലി മുഖ്യാതിഥിയായി.ബഹ്റൈനില്‍ പ്രോപ്പർട്ടി എക്സ്പോയുടെ പത്താമത് പതിപ്പായിരുന്നു. വെള്ളിയാഴ്ച ആർ.പി ഗ്രൂപ്പ് ചെയർമാൻ ഡോ .ബി. രവിപിള്ളയാണ് പരിപാടിയുടെ ഉത്ഘാടനം നിർവ്വഹിച്ചത്.കേരളത്തിലെ വിവിധ ജില്ലകളില്‍നിന്നുള്ള പ്രമുഖ ബില്‍ഡർമാർ എക്സ്പോയില്‍ പങ്കെടുത്തിരുന്നു. നിർമ്മാണം പൂർത്തിയായതും നടക്കുന്നതുമായ ഫ്ളാറ്റുകളും വില്ലകളും ഹോട്ടല്‍ അപ്പാർട്ട്മെന്റുകളും എക്സ്പോയിലുണ്ടായിരുന്നു.ബഹ്റൈൻ കേരളീയ സമാജം പ്രസിഡന്റ് രാധാകൃഷ്ണ പിള്ള ഉള്‍പ്പെടെയുള്ള സമാജം ഭാരവാഹികളും മാതൃഭൂമി ഡോട് കോം പ്രോപ്പർട്ടി എക്സ്പോയുടെ വിജയകരമായ നടത്തിപ്പിന് പിന്തുണയുമായി രംഗത്തുണ്ടായിരുന്നു. ബഹ്റൈൻ കിങ്ഡം ഇൻഫോർമേഷൻ ആൻഡ് ഫോളോ അപ്പ് ഡയറക്ടർ യൂസഫ് ലോറി, ബഹ്റൈൻ ഇന്ത്യ സൊസൈറ്റി ചെയർമാൻ അബ്ദുള്‍ റഹ്മാൻ ജുമ, ഓണ്‍ലൈൻ നാഷണല്‍ ഹെഡ് ദീപ്തി എസ്. പിള്ള തുടങ്ങിയവർ സംബന്ധിച്ചു.

Leave A Comment