പഴയങ്ങാടി ചെമ്പല്ലിക്കുണ്ട് പുഴയിൽ അമ്മയ്ക്കൊപ്പം കാണാതായ മൂന്നു വയസ്സുകാരന്റെ മൃതദേഹം കണ്ടെത്തി. റെയിൽവേ പാലത്തിന്റെ താഴെ ഭാഗത്തായി പുഴയോട് ചേർന്നുള്ള ഭാഗത്താണ് ചൊവ്വാഴ്ച വൈകിട്ട് മൂന്നരയോടെ മൃതദേഹം കണ്ടെടുത്തത്. അടുത്തില വയലപ്ര സ്വദേശി എം.വി. റീമയുടെ (30) മകൻ കൃശിവ് രാജിന്റെ (കണ്ണൻ) മൃതദേഹമാണ് കണ്ടെത്തിയത്.
ശനിയാഴ്ച അർധരാത്രിയാണ് അമ്മ മകനെയുംകൊണ്ട് പുഴയിൽ ചാടിയത്. ഞായറാഴ്ച രാവിലെ എട്ടരയോടെ റീമയുടെ മൃതദേഹം കണ്ടെത്തിയിരുന്നു. ഇന്ന് റീമയുടെ സംസ്കാരം നടത്തി. ഇന്നലെ പുഴയിൽ കാമറ ഉൾപ്പെടെ തെരച്ചിൽ നടത്തിയെങ്കിലും കുഞ്ഞിനെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.
റീമ ഭർതൃവീട്ടുകാരുമായി അകന്നു സ്വന്തം വീട്ടിലാണു കഴിഞ്ഞിരുന്നത്. ശനിയാഴ്ച മാതാപിതാക്കൾ വീടിന്റെ മുകളിലത്തെ നിലയിൽ ഉറങ്ങാൻപോയ ശേഷം രാത്രി പന്ത്രണ്ടരയോടെ മകൻ കൃശിവ് രാജിനെയും എടുത്ത് സ്കൂട്ടറിലാണു റീമ ചെമ്പല്ലിക്കുണ്ട് പുഴയോരത്ത് എത്തിയത്.
2015ൽ ആയിരുന്നു റീമയുടെ വിവാഹം. കഴിഞ്ഞവർഷം മാർച്ചിൽ കണ്ണപുരം പൊലീസിൽ റീമ ഗാർഹികപീഡന പരാതി നൽകിയിരുന്നു. റീമയുടെ ആത്മഹത്യക്കുറിപ്പു വീട്ടിൽനിന്നു കണ്ടെത്തി. ഇരിണാവ് സ്വദേശിയും പ്രവാസിയുമായ ഭർത്താവ് കമൽരാജിന്റെയും മാതാവിന്റെയും പീഡനം മൂലമാണു ജീവനൊടുക്കുന്നതെന്നു കുറിപ്പിലുള്ളതായാണു സൂചന.

