തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെതിരെ കെപിസിസി മുൻ അധ്യക്ഷൻ കെ.സുധാകരൻ എംപി. വി.ഡി.സതീശൻ മുഖ്യമന്ത്രിക്കൊപ്പം ഓണസദ്യ കഴിച്ചത് ശരിയായില്ലെന്ന് സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞു. കുന്നംകുളം പൊലീസ് സ്റ്റേഷനിൽ യൂത്ത് കോൺഗ്രസ് നേതാവ് വി.എസ്.സുജിത്തിനെ കസ്റ്റഡിയിൽ മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതിനു പിന്നാലെ പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്കൊപ്പമിരുന്ന് സദ്യ കഴിച്ചത് ശരിയായോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനാണ് സുധാകരന്റെ പ്രതികരണം. ”ഞാനാണെങ്കിൽ ചെയ്യില്ലായിരുന്നെന്നു, മോശമായി പോയി.”- സുധാകരൻ പറഞ്ഞു.
രാഷ്ട്രീയ നേതാക്കൾക്കും പൗരപ്രമുഖർക്കും മത-സാമുദായിക നേതാക്കൾക്കുമായി ബുധനാഴ്ച മുഖ്യമന്ത്രി ഒരുക്കിയ ഓണവിരുന്നിലാണ് വി.ഡി.സതീശൻ പങ്കെടുത്തത്. നിയമസഭാ മന്ദിരത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ, മുഖ്യമന്ത്രിയുടെ തൊട്ടടുത്തിരുന്നാണ് സതീശൻ സദ്യ കഴിച്ചത്. ഇതിനെതിരെ അന്നു തന്നെ വിവിധ ഭാഗങ്ങളിൽനിന്നു വിമർശനം ഉയർന്നിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ കെ.സുധാകരനും പരസ്യവിമർശനം നടത്തിയത്.
അതേസമയം, കുന്നംകുളം പൊലീസ് സ്റ്റേഷനിൽ ക്രൂരമർദനത്തിനിരയായ യൂത്ത് കോൺഗ്രസ് ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്റ് വി.എസ്.സുജിത്തിനെ കഴിഞ്ഞദിവസം വി.ഡി.സതീശൻ നേരിട്ടെത്തി ആശ്വസിപ്പിച്ചിരുന്നു. പ്രതികളായ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ രൂക്ഷമായ ഭാഷയിലാണ് സതീശൻ പ്രതികരിച്ചത്.

