തിരുവനന്തപുരം: കെഎസ്ആർടിസിക്ക് വേണ്ടി ആർക്കും പരസ്യങ്ങൾ പിടിക്കാൻ അവസരം നൽകുന്ന പദ്ധതി പ്രഖ്യാപിച്ച് മന്ത്രി കെ.ബി. ഗണേഷ് കുമാർ. ഇതുപ്രകാരം, ഒരു ലക്ഷം രൂപയുടെ പരസ്യം കെഎസ്ആർടിസിക്ക് പിടിക്കുന്ന ഏതൊരാൾക്കും അതിന്റെ അതിന്റെ 15 ശതമാനം കമ്മിഷനായി സ്വന്തം അക്കൗണ്ടിൽ ലഭിക്കും. ആർക്കും മാന്യമായി ജീവിക്കാനുള്ള അവസരമാണ് ഇതിലൂടെ ലഭിക്കുന്നതെന്നും മന്ത്രി ഗണേഷ് പറഞ്ഞു.
പരസ്യ കമ്പനികൾ കോടികളുടെ നഷ്ടമുണ്ടാക്കി. കഴിഞ്ഞ ആറോ ഏഴോ വർഷങ്ങൾക്കുള്ളിൽ 65 കോടി രൂപയെങ്കിലും ഇങ്ങനെ പോയി. ടെൻഡർ എടുത്തതിനു ശേഷം ചില കമ്പനികൾ കള്ളക്കേസുകൾ ഉണ്ടാക്കുകയാണ്. ഇങ്ങനെ ആ വകയും പണം തട്ടുന്നു. ഹൈക്കോടതിയുടെ നിർദ്ദേശ പ്രകാരം ഇത്തരം കമ്പനികളെ കരിമ്പട്ടികയിൽപ്പെടുത്തിയിട്ടുണ്ട്. ഇതോടെ ടെൻഡർ വിളിക്കുമ്പോൾ സംഘം ചേർന്ന് വരാതിരിക്കുക എന്ന പുതിയ തന്ത്രമാണ് അവർ പയറ്റുന്നതെന്നും മന്ത്രി പറഞ്ഞു. ഇവരെയൊക്കെ വിറ്റ കാശ് നമ്മുടെ പോക്കറ്റിലുണ്ടെന്നും മന്ത്രി പറഞ്ഞു.

