തിരുവനന്തപുരം:സ്ഥാനക്കയറ്റത്തിന് കെ-ടെറ്റ് വേണമെന്നതടക്കം വിവാദ ഭാഗങ്ങൾ ഒഴിവാക്കി സംസ്ഥാനത്തെ അധ്യാപക യോഗ്യതാ പരീക്ഷയായ കെ-ടെറ്റ് സംബന്ധിച്ച പുതിയ ഉത്തരവ് വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കി.
നേരത്തെ പുറത്തിറക്കിയ ഉത്തരവിനെതിരെ അധ്യാപക സംഘടനകൾ ശക്തമായ പ്രതിഷേധം ഉയർത്തിയതിനെത്തുടർന്ന് അത് മരവിപ്പിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ആവശ്യമായ പരിഷ്കാരങ്ങൾ വരുത്തി പുതിയ ഉത്തരവ് പ്രസിദ്ധീകരിച്ചത്.
അതേസമയം, ഭിന്നശേഷി വിഭാഗത്തിലെ അധ്യാപക നിയമനങ്ങൾക്ക് കെ-ടെറ്റ് നിർബന്ധമാക്കിയിട്ടുണ്ട്. യോഗ്യതാ മാനദണ്ഡങ്ങളിലും സർക്കാർ വ്യക്തത വരുത്തിയിട്ടുണ്ട്. കെ-ടെറ്റ് കാറ്റഗറി ഒന്ന് അല്ലെങ്കിൽ രണ്ട് എന്നിവയിൽ ഏതെങ്കിലും ഒന്ന് വിജയിച്ചവരെ എൽപി, യുപി നിയമനങ്ങൾക്ക് പരിഗണിക്കും. ഹൈസ്കൂൾ വിഭാഗത്തിൽ കാറ്റഗറി മൂന്ന് വിജയിച്ചിട്ടുള്ള ഭാഷാധ്യാപകർ പ്രത്യേകമായി കാറ്റഗറി നാല് വിജയിക്കേണ്ടതില്ലെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.
അതേസമയം, കെ-ടെറ്റ് സംബന്ധിച്ച സുപ്രീംകോടതിയുടെ അന്തിമ വിധി വരുന്നതിനനുസരിച്ച് മാനദണ്ഡങ്ങളിൽ ഇനിയും മാറ്റമുണ്ടാകാൻ സാധ്യതയുണ്ടെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

