കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിലെ കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ മരിച്ച തലയോലപ്പറമ്പ് സ്വദേശി ബിന്ദുവിന്റെ വീട് നിർമ്മാണം പൂർത്തിയായി. കുടുംബത്തിന് വാഗ്ദാനം ചെയ്ത വീടാണ് താമസിക്കാൻ ഒരുങ്ങിയതെന്ന് ന്ത്രി വി എൻ വാസവൻ അറിയിച്ചു. വെള്ളിയാഴ്ച വൈകിട്ട് വീടിന്റെ താക്കോൽ കൈമാറും. ഉന്നത വിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി ശ്രീമതി ഡോ. ആർ ബിന്ദു വീടിന്റെ താക്കോൽ കൈമാറും.
ബിന്ദുവിന്റെ മരണം ഏറെ വേദനാജനകമായിരുന്നുവെന്നും ബിന്ദുവിന്റെ കുടുംബത്തെ സർക്കാർ ചേർത്തുപിടിക്കുകയാണെന്നും മന്ത്രി വി എൻ വാസവൻ പറഞ്ഞു. പുതുതായി നിർമ്മിച്ച വീടിന്റെ ചിത്രം മന്ത്രി ഫേസ്ബുക്കിൽ പങ്കുവെച്ചു. ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള നാഷണൽ സർവീസ് സ്കീമിന്റെ നേതൃത്വത്തിലാണ് നിർമ്മാണ പ്രവർത്തനങ്ങൾക്ക് ആവശ്യമായ തുക കണ്ടെത്തിയത്.
ജൂലൈ മൂന്നിനാണ് കോട്ടയം മെഡിക്കൽ കോളേജിന്റെ വാർഡിലെ ഒരു ഭാഗം ഇടിഞ്ഞുവീണ് അപകടമുണ്ടായത്. രോഗിയായ മകൾക്ക് കൂട്ടിരിക്കാനായി ആശുപത്രിയിൽ എത്തിയ തലയോലപ്പറമ്പ് സ്വദേശിനി ബിന്ദു കെട്ടിടത്തിനടിയിൽപ്പെട്ട് മരിക്കുകയായിരുന്നു. ജെസിബി എത്തിച്ച് നടത്തിയ പരിശോധനയിലാണ് കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്ന് ബിന്ദുവിന്റെ മൃതദേഹം കണ്ടെത്തിയത്. 14-ാം വാർഡിന്റെ ഒരു കെട്ടിടമാണ് ഇടിഞ്ഞുവീണത്.

