തൃശൂർ: കുന്നംകുളം പൊലീസ് സ്റ്റേഷനിൽ യൂത്ത് കോൺഗ്രസ് നേതാവിനെ പൊലീസ് അതിക്രൂരമായി മർദ്ദിച്ചു. സംഭവത്തിന്റെ സിസി ടിവി ദൃശ്യങ്ങൾ പുറത്തായതിനു പിന്നാലെ വിവാദം. യൂത്ത് കോൺഗ്രസ് ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്റ് വി.എസ്. സുജിത്തിനാണ് മർദ്ദനമേറ്റത്. 2023 ഏപ്രിൽ അഞ്ചിനായിരുന്നു സംഭവം. മർദ്ദനത്തിന്റെ സിസി ടിവി ദൃശ്യങ്ങൾ പൊലീസ് മുക്കിയിരുന്നു. പിന്നീട് വിവരാവകാശ കമ്മിഷന്റെ ഉത്തരവ് പ്രകാരമാണ് ദൃശ്യങ്ങൾ പുറത്തുവന്നത്. സംഭവത്തിൽ എസ്ഐ ഉൾപ്പെടെ നാലു പൊലീസുകാർക്കെതിരെ കേസെടുത്തു.
ചൊവ്വന്നൂരിൽ വഴിയരികിൽ നിന്നിരുന്ന തന്റെ സുഹൃത്തുക്കളെ പൊലീസുകാർ ഭീഷണിപ്പെടുത്തുന്നത് ശ്രദ്ധയിൽപ്പെട്ട സുജിത്ത് കാര്യം തിരക്കിയതാണ് ക്രൂരമർദ്ദനത്തിന് ഇടയാക്കിയത്. സുജിത്തിന്റെ ഇടപെടൽ ഇഷ്ടപ്പെടാതിരുന്ന കുന്നംകുളം പൊലീസ് സ്റ്റേഷനിലെ എസ്‌ഐ നുഹ്‌മാൻ പൊലീസ് ജീപ്പിൽ സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയും തുടർന്ന് ർദ്ദിക്കുകയുമായിരുന്നു. സ്റ്റേഷനിൽ വച്ച് എസ്ഐ നുഹ്‌മാൻ, സിപിഒമാരായ ശശീന്ദ്രൻ, സന്ദീപ്, സജീവൻ എന്നിവരാണ് ദേഹോപദ്രവം ഏൽപ്പിച്ചത്.
സ്റ്റേഷന്റെ മുകളിൽ സിസി ടിവി ദൃശ്യങ്ങൾ ഇല്ലാത്ത സ്ഥലത്തുകൊണ്ടുപോയും മർദ്ദിച്ചിരുന്നതായി സുജിത് പറയുന്നു. മദ്യപിച്ചു പ്രശ്നമുണ്ടാക്കുകയും പൊലീസിനെ ഉപദ്രവിക്കുകയും കൃത്യനിർവഹണം തടസപ്പെടുത്തുകയും ചെയ്തു എന്ന് വ്യാജ എഫ്ഐആർ ഉണ്ടാക്കി സുജിത്തിനെ ജയിലിൽ അടക്കാനായിരുന്നു പൊലീസ് നീക്കം. എന്നാൽ വൈദ്യ പരിശോധനയിൽ സുജിത്ത് മദ്യപിച്ചിട്ടില്ല എന്ന് കണ്ടെത്തിയതോടെ ചാവക്കാട് മജിസ്‌ട്രേറ്റ് കോടതി സുജിത്തിന് ജാമ്യം അനുവദിച്ചു. മർദ്ദനത്തിൽ സുജിത്തിന്റെ ചെവിക്ക് കേൾവി തകരാർ സംഭവിച്ചതായി കണ്ടെത്തിയിരുന്നു.
സംഭവത്തിൽ സുജിത്ത് പൊലീസ് ഉദ്യോഗസ്ഥർക്കും മനുഷ്യാവകാശ കമ്മിഷനും പരാതി നൽകി. എന്നാൽ ഈ പരാതിയിൽ കേസ് എടുക്കാനോ നടപടി സ്വീകരിക്കാനോ പൊലീസ് തയാറായില്ല. സുജിത്തിനെ മർദിച്ച പൊലീസ് ഉദ്യോഗസ്ഥർ ജില്ലയിൽ ക്രമസമാധാന ചുമതലയിൽ തുടർന്നു. ഇതിനെതിരെ സുജിത്ത് കോടതിയെ സമീപിച്ചു. തുടർന്ന് തെളിവുകൾ പരിശോധിച്ച കുന്നംകുളം ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി കുന്നംകുളം പൊലീസ് സ്റ്റേഷനിലെ പൊലീസുകാർക്കെതിരെ നേരിട്ടു കേസെടുക്കുകയായിരുന്നു.

