കൊച്ചി: പരാതിക്കാരൻ ബാറിൽ വച്ച് തന്നെ അസഭ്യം പറയുകയും ലൈംഗികമായി അധിക്ഷേപിക്കുകയും ചെയ്തെന്ന് ലക്ഷ്മി മുൻകൂർ ജാമ്യ ഹർജിയിൽ ആരോപിച്ചു. ബാറിൽ നിന്ന് ഇറങ്ങിയ ശേഷം പരാതിക്കാരൻ കാറിൽ പിന്തുടരുകയും ബിയർ കുപ്പിയുമായി ആക്രമിച്ചുവെന്നും ലക്ഷ്മി മേനോൻ പറയുന്നു. കൊച്ചി ബാറിൽ വച്ചുണ്ടായ തർക്കത്തെ തുടർന്ന് ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടു പോയി മർദിച്ചെന്ന കേസിൽ പ്രതി ചേർത്ത നടി ലക്ഷ്മി മേനോൻ മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയിൽ. കേസിൽ എറണാകുളം നോർത്ത് പൊലീസ് പ്രതിയാക്കിയിരുന്നു. നടി ഒളിവിലാണ്. നടിക്കൊപ്പമുണ്ടായിരുന്ന മിഥുൻ, അനീഷ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ആലുവ സ്വദേശിയായ ഐടി കമ്പനി ജീവനക്കാരനാണ് തന്നെ കടത്തിക്കൊണ്ടുപോയി മർദിച്ചെന്ന് ആരോപിച്ച് പരാതി നൽകിയിരിക്കുന്നത്. കോടതിയിൽ മുൻകൂർ ജാമ്യം നൽകിയതിനു പിന്നാലെ നടിയുടെ അറസ്റ്റ് തടഞ്ഞു. ഓണത്തിനു ശേഷം കേസ് പരിഗണിക്കുമ്പോൾ മുൻകൂർ ജാമ്യഹർജിയിൽ വാദം കേൾക്കും.
പരാതിക്കാരൻ ബാറിൽ വച്ച് തന്നെ അസഭ്യം പറയുകയും ലൈംഗികമായി അധിക്ഷേപിക്കുകയും ചെയ്തെന്ന് ലക്ഷ്മി മുൻകൂർ ജാമ്യ ഹർജിയിൽ ആരോപിച്ചു. ബാറിൽ നിന്ന് ഇറങ്ങിയ ശേഷം പരാതിക്കാരൻ കാറിൽ പിന്തുടരുകയും ബിയർ കുപ്പിയുമായി ആക്രമിച്ചുവെന്നും ലക്ഷ്മി മേനോൻ പറയുന്നു. കെട്ടിച്ചമച്ച കഥകളാണ് ഐടി ജീവനക്കാരൻ ഉന്നയിച്ച പരാതിയുടെ ഉള്ളടക്കം. കുറ്റകൃത്യവുമായി തനിക്ക് ബന്ധമില്ല. ഒരു കുറ്റവും ചെയ്തിട്ടില്ലെന്നും നടി മുൻകൂർ ജാമ്യ ഹർജിയിൽ പറയുന്നു.
ഞായറാഴ്ച രാത്രി കൊച്ചിയിലെ ബാനർജി റോഡിലെ ബാറിലായിരുന്നു പ്രശ്നങ്ങളുടെ തുടക്കം. രാത്രി 11.45ഓടെ നോർത്ത് പാലത്തിൽ വച്ച് പ്രതികൾ കാർ തടഞ്ഞ് പരാതിക്കാരനെ കാറിൽനിന്ന് വലിച്ചിറക്കി കൊണ്ടുപോയെന്നാണ് എഫ്ഐആറിൽ പറയുന്നത്. കാറിൽ വച്ച് മർദിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നും പരാതിക്കാരൻ പറയുന്നു. പിന്നീട് ഇയാളെ ആലുവ പറവൂർ കവലയിൽ ഇറക്കിവിട്ടെന്നാണ് പരാതി. തിങ്കളാഴ്ച നോർത്ത് പൊലീസ് സ്റ്റേഷനിൽ യുവാവ് നൽകിയ പരാതിയെ തുടർന്ന് സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ കാറിന്റെ നമ്പർ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞത്.

