അഞ്ചാം ലോക കേരള സഭയിൽ പങ്കെടുക്കുന്നതിനായി ബഹ്‌റൈനിൽ നിന്നുള്ള ഔദ്യോഗിക പ്രതിനിധികൾ കേരള നിയമസഭാ സമുച്ചയത്തിലെ ശങ്കരനാരായണൻ തമ്പി ഹാളിൽ സന്നിഹിതരായി .

പ്രവാസി കേരളീയരുടെ പ്രശ്നങ്ങൾ, ക്ഷേമ പ്രവർത്തനങ്ങൾ, നിയമപരമായ സംരക്ഷണം, സുരക്ഷിത വിദേശ കുടിയേറ്റം എന്നിവയെക്കുറിച്ചുള്ള നിർണായക ചർച്ചകളിൽ ബഹ്‌റൈനിൽ നിന്നുള്ള പ്രതിനിധികൾ സജീവമായി പങ്കെടുത്തു.പ്രവാസി സമൂഹത്തിന്റെ ശബ്ദം സർക്കാരിന്റെ നയരൂപീകരണത്തിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച ലോക കേരള സഭ, പ്രവാസികളുടെ സാമൂഹിക–സാമ്പത്തിക വെല്ലുവിളികൾ ചർച്ച ചെയ്യുന്നതിനുള്ള ശക്തമായ വേദിയായി മാറിയിട്ടുണ്ട്. ബഹ്‌റൈനിൽലെ പ്രവാസി മലയാളികൾ നേരിടുന്ന തൊഴിൽ, നിയമ, ക്ഷേമ വിഷയങ്ങൾ സഭയിൽ ഉന്നയിക്കപ്പെടുകയും അവയ്ക്ക് പ്രായോഗിക പരിഹാരങ്ങൾ കണ്ടെത്തുന്നതിനുള്ള നിർദേശങ്ങൾ മുന്നോട്ടുവെക്കുകയും ചെയ്തു.കേരളത്തിന്റെ വികസന യാത്രയിൽ പ്രവാസികളുടെ പങ്ക് അത്യന്തം വിലപ്പെട്ടതാണെന്നും, പ്രവാസി സൗഹൃദ നയങ്ങൾ ശക്തിപ്പെടുത്തുന്നതിനായി ലോക കേരള സഭ നിർണായക പങ്കുവഹിക്കുമെന്നും പ്രതിനിധികൾ അഭിപ്രായപ്പെട്ടു.125 രാജ്യങ്ങളിൽ നിന്നും ഇന്ത്യയിലെ 28 സംസ്ഥാനങ്ങളിൽ നിന്നുമായി അഞ്ഞൂറിലധികം മലയാളി പ്രവാസി പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുത്തത്.

സമാപന ദിവസമായ ഇന്ന് രാവിലെ ഒൻപത് മണി മുതൽ ഏഴ് മേഖലായോഗങ്ങളുടെ റിപ്പോർട്ടിങ്ങും എട്ട് വിഷയാടിസ്ഥാനത്തിലുള്ള സമിതികളുടെ റിപ്പോർട്ടിങ്ങും നടക്കും. ശേഷം 10.30ന് വിവിധ പ്രമേയങ്ങൾ അവതരിപ്പിക്കും.ഉച്ചയ്ക്ക് 2.30ന് മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി പ്രസംഗം നടത്തും.

തുടർന്ന് മൂന്ന് മണിയോടെ സ്പീക്കർ എ എൻ ഷംസീറിന്റെ സമാപന പ്രസംഗത്തോടെയാണ് സഭയ്ക്ക് സമാപനമാകുക.

