ലിയോ പതിനാലാമൻ മാർപാപ്പയുമായി ബഹ്‌റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ ഹിസ് റോയൽ ഹൈനസ് പ്രിൻസ് സല്‍മാൻ ബിൻ ഹമദ് അല്‍ ഖലീഫ കുടിക്കാഴ്ച നടത്തി.വത്തിക്കാൻ സിറ്റിയുമായി സൗഹൃദ ബന്ധം ശക്തിപ്പെടുത്തുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നുവെന്ന് കിരീടാവകാശി അറിയിച്ചു.പൊതു ലക്ഷ്യങ്ങളും താല്‍പ്പര്യങ്ങളും കൈവരിക്കുന്നതിനായി വിവിധ മേഖലകളില്‍ സംയുക്ത പ്രവർത്തന പാതകളും ഏകോപനവും വികസിപ്പിക്കേണ്ടതിന്റെയും പ്രാധാന്യം അദ്ദേഹം ചൂണ്ടിക്കാട്ടി. വത്തിക്കാനില്‍ പോപ്പ് ലിയോ പതിനാലാമൻ, ബഹ്‌റൈൻ പ്രധാനമന്ത്രിയുടെ കോടതി മന്ത്രി ഹിസ് ഹൈനസ് ഷെയ്ഖ് ഈസ ബിൻ സല്‍മാൻ ബിൻ ഹമദ് അല്‍ ഖലീഫ, വിദേശകാര്യ മന്ത്രി ഹിസ് ഹൈനസ് ഡോ. അബ്ദുല്ലത്തീഫ് ബിൻ റാഷിദ് അല്‍ സയാനി, ധനകാര്യ, ദേശീയ സാമ്ബത്തിക മന്ത്രി ഹിസ് എക്സലൻസി ഷെയ്ഖ് സല്‍മാൻ ബിൻ ഖലീഫ അല്‍ ഖലീഫ, നിരവധി മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരും പങ്കെടുത്തു.മാനുഷിക വിഷയങ്ങളില്‍ ഉഭയകക്ഷി ബന്ധങ്ങളും സംയുക്ത സഹകരണത്തിനുള്ള സാധ്യതകളും ഇരുവരും അവലോകനം ചെയ്തു. സഹിഷ്ണുത, സഹവർത്തിത്വം, സാഹോദര്യം, സംഭാഷണം എന്നിവയുടെ പൊതുവായ മൂല്യങ്ങളെ പറ്റിയും ഇരുവരും സംസാരിച്ചു.ബഹ്‌റൈനില്‍ ഇതര മതസ്ഥരുടെ ആരാധനാലയങ്ങള്‍ സമാധാനത്തിന്റെയും ഐക്യത്തിന്റെയും മതപരമായ ആചാരങ്ങള്‍ അനുഷ്ഠിക്കാനുള്ള സ്വാതന്ത്ര്യത്തിന്റെയും ജീവിക്കുന്ന പ്രതീകമാണെന്നും കിരീടവകാശി കൂടിക്കാഴ്ചയിൽ വ്യക്തമാക്കി.

