വേതന സംരക്ഷണ സംവിധാനത്തിന്റെ നൂതന പതിപ്പ് ( അപ്ഡേറ്റഡ് പതിപ്പ് )ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി ആരംഭിച്ചു.എല്ലാ തൊഴിലാളികളുടെയും അവകാശങ്ങൾ സംരക്ഷിക്കുന്നതിനും തൊഴിലാളികളുടെ വേതനം കൃത്യസമയത്ത് നൽകുന്നതിനുള്ള പ്രതിബദ്ധത രേഖപ്പെടുത്തുന്നതിനും അതുവഴി സ്വകാര്യ മേഖലയിലെ കരാർ സ്ഥിരതയെ പിന്തുണയ്ക്കുന്നതിനും ലക്ഷ്യമിട്ടുള്ളതാണ് ഇത്.എല്ലാ തൊഴിലാളികളുടെയും അവകാശങ്ങൾ സംരക്ഷിക്കുന്നതിനുള്ള മുൻഗണനകളിൽ ഒന്നാണ് വേതന സംരക്ഷണ സംവിധാനമെന്ന് എൽഎംആർഎയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ നിബ്രാസ് താലിബ് വ്യക്തമാക്കി.ചെറുകിട, സൂക്ഷ്മ സ്ഥാപനങ്ങളിലെ തൊഴിലുടമകളെ പിന്തുണയ്ക്കുന്നതിലൂടെ, വേതനവുമായി ബന്ധപ്പെട്ട തർക്കങ്ങൾ കുറയ്ക്കുകയും അവ പരിഹരിക്കുന്നത് വേഗത്തിലാക്കുകയും ചെയ്യുന്നതിലൂടെ, സ്ഥിരമായ തൊഴിൽ ബന്ധങ്ങൾ കെട്ടിപ്പടുക്കുന്നതിനും മറ്റും ഈ സംവിധാനം സഹായിക്കുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഇലക്ട്രോണിക് വേതന പേയ്മെന്റുകൾക്കായി ഈ സംവിധാനം ഉപയോഗിക്കാനും അദ്ദേഹം തൊഴിലുടമകളോട് ആഹ്വാനം ചെയ്തു.

