വാഷിങ്ടൻ ഡി.സി.: ന്യൂയോർക്ക് സിറ്റി മേയർ തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റ് സ്ഥാനാർഥി സോഹ്റാൻ മംദാനിയുടെ വിജയം അമേരിക്കയുടെ പരമാധികാരത്തിന് മങ്ങൽ ഉണ്ടാക്കിയെന്ന് യു.എസ്. പ്രസിഡന്റ് ഡോണൾഡ് ട്രംപ്. മിയാമിയിൽ നടന്ന അമേരിക്കൻ ബിസിനസ് ഫോറത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മംദാനിയെ ‘കമ്യൂണിസ്റ്റ്’ എന്ന് അഭിസംബോധന ചെയ്ത ട്രംപ്, മംദാനിയുടെ വിജയത്തിനു പിന്നാലെ ന്യൂയോർക്ക് കമ്യൂണിസ്റ്റ് ക്യൂബയോ സോഷ്യലിസ്റ്റ് വെനസ്വേലയോ ആയി മാറുമെന്നും, ന്യൂയോർക്കിലെ ജനങ്ങൾ ഫ്ളോറിഡയിലേക്ക് പലായനം ചെയ്യാൻ നിർബന്ധിതരാകുമെന്നും മുന്നറിയിപ്പ് നൽകി.
ഡെമോക്രാറ്റുകൾ അമേരിക്കയ്ക്ക് വേണ്ടി എന്താണ് ഉദ്ദേശിക്കുന്നതെന്ന് മനസ്സിലാക്കണമെങ്കിൽ ന്യൂയോർക്കിലെ തിരഞ്ഞെടുപ്പ് ഫലം ശ്രദ്ധിക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു. ‘രാജ്യത്തെ ഏറ്റവും വലിയ നഗരത്തിന്റെ മേയറായി അവർ ഒരു കമ്യൂണിസ്റ്റുകാരനെ പ്രതിഷ്ഠിച്ചിരിക്കുന്നു,’ ട്രംപ് കുറ്റപ്പെടുത്തി.
‘ഞാൻ ന്യൂയോർക്കിൽനിന്ന് മാറാൻ നോക്കുകയാണ്, കാരണം എനിക്ക് ഒരു കമ്യൂണിസ്റ്റ് ഭരണകൂടത്തിനു കീഴിൽ ജീവിക്കാൻ തീരെ താൽപര്യമില്ല,’ ട്രംപ് കൂട്ടിച്ചേർത്തു. മംദാനിയുടെ വിജയഘോഷ പ്രസംഗത്തെയും ട്രംപ് വിമർശിച്ചു. പ്രസംഗം ‘രോഷാകുലമായിരുന്നെന്നും’ തന്നോട് ബഹുമാനപൂർവമായ സമീപനമല്ലെങ്കിൽ മംദാനിക്കു മുന്നോട്ടു പോകാനാവില്ലെന്നും ട്രംപ് മുന്നറിയിപ്പ് നൽകി

