‘ചികിത്സയുടെ ആദ്യ ഘട്ടത്തിൽ ഭക്ഷണത്തിനു രുചിയും മണവും കിട്ടിയിരുന്നില്ല, ഇപ്പോൾ മമ്മൂട്ടി കൂടുതൽ ഉഷാറായി’

  • Home-FINAL
  • Kerala
  • ‘ചികിത്സയുടെ ആദ്യ ഘട്ടത്തിൽ ഭക്ഷണത്തിനു രുചിയും മണവും കിട്ടിയിരുന്നില്ല, ഇപ്പോൾ മമ്മൂട്ടി കൂടുതൽ ഉഷാറായി’

‘ചികിത്സയുടെ ആദ്യ ഘട്ടത്തിൽ ഭക്ഷണത്തിനു രുചിയും മണവും കിട്ടിയിരുന്നില്ല, ഇപ്പോൾ മമ്മൂട്ടി കൂടുതൽ ഉഷാറായി’


കൊച്ചി: മമ്മൂട്ടി അസുഖത്തെക്കുറിച്ച് നേരത്തെ പറഞ്ഞിരുന്നതായും വൈകാതെ അഭിനയത്തിലേക്ക് മടങ്ങി വരുമെന്നും നടനും എഴുത്തുകാരനുമായ വി.കെ. ശ്രീരാമൻ. ചികിത്സയുടെ ആദ്യകാലങ്ങളിൽ ഭക്ഷണത്തിന് രുചി തോന്നിയിരുന്നില്ല. മണം അറിയാനുള്ള കഴിവും നഷ്ടപ്പെട്ടിരുന്നു. എന്നാൽ ഇപ്പോൾ എല്ലാം മാറി. ആൾക്കൂട്ടങ്ങളുടെ ഇടയിലേക്ക് വൈകാതെ മമ്മൂട്ടി മടങ്ങിവരുമെന്നും അദ്ദേഹം പറഞ്ഞു. മമ്മൂട്ടിയുടെ ആരോഗ്യാവസ്ഥയെക്കുറിച്ച് ഇടയ്ക്ക് വെറുതെ വർത്തമാനം പറയാൻ പോലും മമ്മൂട്ടി വിളിക്കാറുണ്ടെന്ന് ഒരു ടി.വി ചാനലിന് അനുവദിച്ച അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. രോഗം പൂർണമായും ഭേദമായെന്ന് മമ്മൂട്ടി വിളിച്ചു പറഞ്ഞതിനെക്കുറിച്ച് വി.കെ. ശ്രീരാമൻ പങ്കുവച്ച പോസ്റ്റ് വൈറലായിരുന്നു.

”മമ്മൂട്ടിക്ക് രോഗവിമുക്തി ഇന്നൊരു ദിവസം പെട്ടെന്ന് ഉണ്ടായതല്ല. മമ്മൂട്ടി എന്നെ ഇടയ്ക്കിടയ്ക്ക് വിളിക്കാറുണ്ട്. ചിലപ്പോൾ ഒരാഴ്ച കൂടുമ്പോൾ വിളിക്കും. ഇന്നലെയും മിനിയാന്നും ഒക്കെ വിളിച്ചിരുന്നു. അപ്പോഴൊക്കെ ഇതിനെപ്പറ്റി ഒന്നുമല്ല പറഞ്ഞിരുന്നത്. ആദ്യഘട്ടത്തിൽ വിളിക്കുമ്പോൾ ഭക്ഷണത്തിന് രുചിയില്ല നടക്കാൻ ബുദ്ധിമുട്ടുണ്ട് എന്നൊക്കെ പറയുമായിരുന്നു. പക്ഷേ, അതൊന്നും വലിയ പ്രാധാന്യമുള്ള കാര്യമായിട്ടൊന്നുമല്ല സംസാരിക്കുന്നത്. എന്നെ വിളിക്കുമ്പോൾ സംസാരിക്കുന്നത് വേറെ പലതും ആയിരുന്നു. ചിലപ്പോൾ രാഷ്ട്രീയമായിരിക്കും, ചിലപ്പോൾ കൃഷിയെപ്പറ്റി ആയിരിക്കും, അങ്ങനെ എല്ലാറ്റിനെപ്പറ്റിയും സംസാരിക്കും. ഇതൊക്കെ എന്നോടാണ് സംസാരിക്കുന്നത്.

എനിക്കാണെങ്കിൽ ഇതിനെപ്പറ്റിയൊക്കെ മൂപ്പർക്ക് ഉള്ള അത്ര ഗ്രാഹ്യമില്ല. ചില ആളുകളെ പറ്റി പറയുമ്പോൾ, ‘നിനക്ക് എന്താ തോന്നുന്നത്’ എന്ന് ചോദിക്കും. ഞാൻ പറയും, ‘അയാൾ നിങ്ങൾ വിചാരിക്കുന്ന പോലത്തെ ആളല്ല’ എന്ന്. ‘അപ്പോൾ നീ എന്താ വിചാരിച്ചത്’ എന്ന് എന്നോട് ചോദിക്കും. അവിടെ നമ്മൾ കുടുങ്ങും. ഇങ്ങനത്തെ രീതിയിലുള്ള വർത്തമാനങ്ങൾ ആണ് ഞങ്ങൾ തമ്മിലുള്ളത്. അല്ലാതെ ഭയങ്കര ബൗദ്ധിക ചർച്ചകളോ ബൗദ്ധിക വ്യായാമങ്ങളോ ഒന്നും ഉണ്ടാകാറില്ല. പക്ഷേ, ഞങ്ങൾ തമ്മിൽ കുറേനേരം സംസാരിച്ചു കഴിയുമ്പോൾ അതിൽ നിരവധി വിഷയങ്ങൾ ഉണ്ടായിരിക്കും. ഈ വിഷയങ്ങൾ ഒന്നും ആധികാരികമായിരിക്കണമെന്നില്ല. ചിലപ്പോൾ നോവലിനെ പറ്റി, ചിലപ്പോൾ ക്യാമറകളെ പറ്റി, സിനിമകളേയും നാടകത്തെപ്പറ്റിയും ഒരുപാട് സംസാരിക്കും.

പക്ഷേ, എനിക്ക് ഇതൊന്നും വലിയ പിടിയുള്ള കാര്യമായിരിക്കില്ല. ഇടയ്ക്കിടയ്ക്ക് മൂപ്പർക്ക് ഇതിനെപ്പറ്റി സംസാരിക്കാൻ ഒരാളെ കിട്ടണം. അതിനാണ് എന്നെ വിളിക്കുന്നത്. എനിക്കൊന്നും പറയാനില്ലാതാവുമ്പോൾ ചോദിക്കും, ‘നീ വലിയ വിവരം ഒന്നും ഇല്ലാതെ ബുദ്ധിജീവി ചമഞ്ഞ് നടക്കുകയാണ് അല്ലേ’ എന്ന്. മൂപ്പർക്ക് ഇങ്ങനെയൊക്കെ സംസാരിക്കാൻ ഒരു ചാൻസ് കിട്ടണം. ഇന്നലെ വിളിച്ചപ്പോൾ മുഴുവൻ എന്നെ ക്യാമറകളെ പറ്റി പഠിപ്പിക്കുകയായിരുന്നു. ഒരുപാട് ക്യാമറകളെ പറ്റി പറഞ്ഞു. ഫ്യൂജി എന്ന് പറയുന്ന ഒരു ക്യാമറയെ പറ്റി കുറെ പറഞ്ഞു. പിന്നെ ചന്ദ്രനിലേക്ക് ആദ്യം പോയവർ കയ്യിൽ വച്ച ഒരു ഹാൻഡ് മെയ്ഡ് ക്യാമറയുണ്ട്, അതിനെപ്പറ്റി പറഞ്ഞു. അത് ഉണ്ടാക്കിയ സ്ഥലത്തെ പറ്റി കുറെ ആലോചിച്ചു. പിന്നെ പറഞ്ഞു, സ്വീഡനിൽ ആണെന്ന് തോന്നുന്നു അത് ഉണ്ടാക്കിയത് എന്ന്. ക്യാമറയുടെ പേരും പറഞ്ഞു. എനിക്കിപ്പോൾ അധികം ഓർമയൊന്നും നിൽക്കില്ല. അതുകൊണ്ട് ഓർക്കുന്നില്ല. ഇങ്ങനെ നിരവധി കാര്യങ്ങളാണ് സംസാരിച്ചത്.

അസുഖത്തിന്റെ കാര്യങ്ങളെ പറ്റിയൊക്കെ മുൻപ് പറഞ്ഞിരുന്നു. അത് ഞാൻ ചോദിച്ചിട്ട് പറയുന്നതൊന്നുമല്ല. കുറച്ചുദിവസം മുൻപ് വിളിച്ചപ്പോൾ രണ്ടു മൂന്ന് ടെസ്റ്റുകൾ കഴിഞ്ഞു, അതൊക്കെ ഓക്കേയാണ് എന്നു പറഞ്ഞിരുന്നു. പിന്നെ പറഞ്ഞു, ‘ഇനി ഒരു ടെസ്റ്റ് കൂടി ഉണ്ട്. അത് പാസായാൽ മാത്രമേ പുറത്തിറങ്ങാൻ പറ്റുകയുള്ളൂ’ എന്ന്. പക്ഷേ അതു കുറേ മുൻപാണ് പറഞ്ഞത്. ഇന്നലെ വിളിച്ചപ്പോൾ ടെസ്റ്റിനെ പറ്റി ഒന്നും പറഞ്ഞില്ല. ഇന്ന് ടെസ്റ്റ് ഉണ്ട്, അത് ഫൈനലാണ് എന്നൊന്നും പറഞ്ഞിരുന്നില്ല. ഞാൻ ഓട്ടോറിക്ഷയിൽ വരുമ്പോഴാണ് എന്നെ വിളിച്ചത്. കുറെ നേരമായി വിളിക്കുന്നുണ്ട്. പക്ഷേ, ഓട്ടോറിക്ഷയുടെ ശബ്ദം കൊണ്ട് ഫോൺ അടിച്ചത് കേട്ടില്ല. പിന്നീട് നോക്കിയപ്പോൾ മമ്മൂട്ടി വിളിക്കുന്നു. അങ്ങനെ ഫോൺ എടുത്തു. അപ്പോഴാണ് ഓട്ടോറിക്ഷയിൽ ആണെന്ന് പറഞ്ഞതും ‘കാറില്ലേ, കാർ എവിടെ പോയി’ എന്നൊക്കെ ചോദിച്ചതും.

അതിനിടയാണ് പറഞ്ഞത് ‘ലാസ്റ്റ് ടെസ്റ്റ് പാസായി’ എന്ന്. എനിക്ക് വലിയ സന്തോഷമുണ്ടെങ്കിലും ഞാൻ അത് പ്രകടിപ്പിച്ചില്ല. ഞാൻ പറഞ്ഞു അതൊക്കെ നമുക്ക് അറിയാമായിരുന്നു എന്ന്. ‘നീ എല്ലാം അറിയുന്ന ആൾ ആണല്ലോ’ എന്നൊക്കെ പറഞ്ഞ് എന്നെ കുറെ ചീത്ത പറഞ്ഞു. അങ്ങനെയാണ് ആ വർത്തമാനം മുഴുവനും ഉണ്ടായിരുന്നതെന്നും അദ്ദേഹം പറഞ്ഞു.

Leave A Comment