കൊതിച്ചത് പാലക്കാട്, കാത്തിരുന്നത് കൊച്ചി നഗരവും മെട്രേയും എയർപോർട്ടും, മനം നിറഞ്ഞ് കുട്ടികൾ മടങ്ങി

  • Home-FINAL
  • Kerala
  • കൊതിച്ചത് പാലക്കാട്, കാത്തിരുന്നത് കൊച്ചി നഗരവും മെട്രേയും എയർപോർട്ടും, മനം നിറഞ്ഞ് കുട്ടികൾ മടങ്ങി

കൊതിച്ചത് പാലക്കാട്, കാത്തിരുന്നത് കൊച്ചി നഗരവും മെട്രേയും എയർപോർട്ടും, മനം നിറഞ്ഞ് കുട്ടികൾ മടങ്ങി


കൊച്ചി: പാലക്കാട് കാണിച്ചു തരാമോ എന്നായിരുന്നു അവരുടെ ചോദ്യം. പക്ഷേ, അവരെ കാത്തിരുന്നത് കൊച്ചി നഗരവും മെട്രോയും എയർപോർട്ടുമായിരുന്നു. അട്ടപ്പാടിയിൽ നിന്ന് 20 കിലോമീറ്റർ അകലെ കാടിനുള്ളിൽ താമസിക്കുന്ന ആ കുട്ടികൾക്ക് ഈ കാഴ്ചകളെല്ലാം സമ്മാനിച്ചത് നടൻ മമ്മൂട്ടിയാണ്. അങ്ങനെ അവർകൊച്ചി നഗരത്തിലെത്തി. മെട്രോയിൽ കയറി. വിമാനം പറക്കുന്നത് കണ്ടു. അതിൽ തൊട്ടു.

കുട്ടികളുടെ ക്ഷേമം ഉറപ്പാക്കാൻ മമ്മൂട്ടിയുടെ സന്തതസഹചാരിയായ എസ്.ജോർജ് ചെന്നൈയിൽ നിന്നും എത്തി. പാലക്കാട് അട്ടപ്പാടിയിലെ ആനവായ് ഗവ. എൽ.പി. സ്‌കൂളിൽ നിന്നുള്ള 19 വിദ്യാർഥികളും 11 അധ്യാപകരും അടങ്ങുന്ന സംഘമാണു കൊച്ചി മെട്രോയും, കൊച്ചി രാജ്യാന്തര വിമാനത്താവളവും, ആലുവ രാജഗിരി ആശുപത്രിയും സന്ദർശിച്ചത്.

മമ്മൂട്ടിയുടെ ജന്മദിനത്തോടനുബന്ധിച്ചായിരുന്നു യാത്ര. ഇതിന്റെ ഭാഗമായാണു കെയർ ആൻഡ് ഷെയർ ഇന്റർനാഷനൽ ഫൗണ്ടേഷനും ആലുവ രാജഗിരി ആശുപത്രിയും ചേർന്നു കുട്ടികളുടെ വിനോദയാത്രയ്ക്ക് അവസരം ഒരുക്കിയത്. രാത്രി പാലക്കാട്ടു നിന്ന് എറണാകുളത്ത് എത്തിയ സംഘം കളമശേരി ജ്യോതിർഭവനിൽ താമസിച്ചു. അടുത്ത ദിവസം രാവിലെ ഏഴോടെ കളമശേരി മെട്രോ സ്റ്റേഷനിലെത്തി. സ്റ്റേഷനിലെ എസ്‌കലേറ്ററും, മെട്രോ ട്രെയിനും കുട്ടികൾക്ക് അദ്ഭുത കാഴ്ചകളായി. മെട്രോയിൽ ആലുവയിൽ എത്തിയ സംഘം തുടർന്ന് ടൂറിസ്റ്റ് ബസിൽ രാജഗിരി ആശുപത്രിയിലേക്ക്. അവിടെ പ്രഭാതഭക്ഷണത്തിനു ശേഷം, റോബട്ടിക് സർജറി കണ്ടു. അടിസ്ഥാന സൗകര്യങ്ങൾ പോലും പരിമിതമായ അട്ടപ്പാടിയിലെ കുട്ടികൾക്ക്, റോബട്ടിനെ ഉപയോഗിച്ചുള്ള ശസ്ത്രക്രിയ അമ്പരപ്പിക്കുന്ന അനുഭവമായിരുന്നു. ആശുപത്രിയിലെ റോബട്ടിക് ജനറൽ സർജറി വിഭാഗം മേധാവി ഡോ. ആർ.രവികാന്ത്, റോബട്ടിന്റെ പ്രവർത്തന രീതികളെ കുറിച്ചും വിശദീകരിച്ചു.

തുടർന്ന് മെട്രോ ഫീഡർ ബസിൽ വിമാനത്താവള യാത്ര. വിമാനങ്ങൾ ഇറങ്ങുന്നതും പറന്നുയരുന്നതും കണ്ടു. പിന്നെ മമ്മൂട്ടിയുടെ പിറന്നാളിന് മുന്നോടിയായി കേക്ക് മുറിച്ചു കുട്ടികൾ ജന്മദിനാഘോഷം നടത്തി. രാജഗിരി എക്‌സിക്യൂട്ടീവ് ഡയറക്ടർ ഫാ. ജോൺസൺ വാഴപ്പിള്ളിയും കെയർ ആൻഡ് ഷെയർ മാനേജിങ് ഡയറക്ടർ ഫാ. തോമസ് കുര്യനും കുട്ടികളും ചേർന്നാണ് കേക്ക് മുറിച്ചത്. കെയർ ആൻഡ് ഷെയർ ഇന്റർനാഷനൽ ഡയറക്ടർ റോബർട്ട് കുര്യാക്കോസും ഒപ്പമുണ്ടായിരുന്നു. അടുത്ത തവണ വിമാനയാത്ര ഒരുക്കാമെന്നാണ് മമ്മൂട്ടി ഇവർക്കു നൽകിയ വാഗ്ദാനം.

Leave A Comment