‘തടവിൽ’ മഞ്ജുവിനെ കാണാൻ കുടുംബം; തോക്കിൻമുനയിൽ ഭക്ഷണവും വസ്ത്രചർച്ചയും — മധു വാര്യരുടെ പരിഹാസക്കുറിപ്പ്

  • Home page
  • India
  • ‘തടവിൽ’ മഞ്ജുവിനെ കാണാൻ കുടുംബം; തോക്കിൻമുനയിൽ ഭക്ഷണവും വസ്ത്രചർച്ചയും — മധു വാര്യരുടെ പരിഹാസക്കുറിപ്പ്

‘തടവിൽ’ മഞ്ജുവിനെ കാണാൻ കുടുംബം; തോക്കിൻമുനയിൽ ഭക്ഷണവും വസ്ത്രചർച്ചയും — മധു വാര്യരുടെ പരിഹാസക്കുറിപ്പ്


കൊച്ചി: നടി മഞ്ജു വാര്യരെ ചിലർ തടവിലാക്കിയിരിക്കുകയാണെന്ന സംവിധായകൻ സനൽ കുമാർ ശശിധരന്റെ ആരോപണങ്ങളും സമരവും ചർച്ചയാകുന്നതിനിടെ, മഞ്ജുവിന്റെ സഹോദരൻ മധു വാര്യരുടെ പരിഹാസക്കുറിപ്പ് ഫേസ്ബുക്കിൽ. മഞ്ജുവിനെ ‘തടവിൽ’ കഴിയുന്നയാളായി സങ്കൽപ്പിച്ചാണ് മധു വാര്യരുടെ കുറിപ്പ്.
അമ്മയും അനുവും ആവണിയും താനും ചേർന്ന് ‘തടവിൽ’ കഴിയുന്ന മഞ്ജുവിനെ കാണാൻ തീരുമാനിച്ചുവെന്നാണ് മധു വാര്യർ പറയുന്നത്. മഞ്ജുവിനെ തടവിലാക്കിയവർ ആക്രമിച്ചാലോ എന്ന ആശങ്കയിൽ ഒന്നരയടി വലുപ്പമുള്ള കൊക്കോ എന്ന നായയെയും ഒപ്പം കൂട്ടിയെന്നും കുറിപ്പിൽ പറയുന്നു.
അവിടെ എത്തിയപ്പോൾ തോക്കിൻമുനയിൽ ഇരിക്കുന്ന മഞ്ജുവിനെ കണ്ട് എല്ലാവരും ഞെട്ടിയെന്നും, ബാൽക്കണിയിലിരുന്ന പ്രാവിനെ നോക്കിക്കൊണ്ടിരുന്നതിനാൽ കൊക്കോയുടെ ഞെട്ടലിന് പത്ത് സെക്കൻഡ് വൈകിയെന്നും മധു വാര്യർ പരിഹസിക്കുന്നു.
‘ഞെട്ടൽ മഹാമഹം’ കഴിഞ്ഞതിനു പിന്നാലെ മഞ്ജു പുതുതായി വാങ്ങിയ വസ്ത്രങ്ങൾ പുറത്തെടുത്ത് നിരത്തുകയും അതിന്റെ ചർച്ച ആരംഭിക്കുകയും ചെയ്തെന്നാണ് കുറിപ്പിലെ അടുത്ത ഭാഗം. തടവിൽ കഴിയുമ്പോഴെങ്കിലും മഞ്ജുവിന്റെ വാചകമടിക്ക് കുറവുണ്ടാകുമെന്ന് കരുതിയെങ്കിലും അത് തെറ്റാണെന്ന് പെട്ടെന്ന് മനസ്സിലായെന്നും മധു പറയുന്നു.
തുടർന്ന് ‘ഗൺപോയിന്റിലുള്ള’ മഞ്ജു എല്ലാവർക്കുമായി ബേൺഡ് ഗാർലിക് ഫ്രൈഡ് റൈസ്, നൂഡിൽസ്, ഹണി ഗ്ലേസ്ഡ് ചിക്കൻ, സാൾട്ട് പെപ്പർ കോട്ടേജ് ചീസ് എന്നിവ ഓർഡർ ചെയ്തെന്നും കുറിപ്പിലുണ്ട്.
ഭക്ഷണം കഴിച്ച് മടങ്ങാനൊരുങ്ങുമ്പോൾ രണ്ട് ദിവസം കഴിഞ്ഞേ താൻ വരൂവെന്ന് അമ്മ പറഞ്ഞതായും മധു വാര്യർ പറയുന്നു. കഥകളി ക്ലാസിന്റെയും യോഗാ ക്ലാസിന്റെയും ബോറടി മാറ്റാൻ രണ്ട് ദിവസം മഞ്ജുവിനൊപ്പം ‘തടവിൽ’ കഴിയാനാണ് തീരുമാനമെന്നും അദ്ദേഹം പരിഹാസരൂപത്തിൽ കുറിക്കുന്നു.
‘അപ്പോൾ ഇനിയുള്ള രണ്ട് ദിവസം അമ്മയും തോക്കിൻമുനയിലായിരിക്കും’ എന്ന വാചകത്തോടെയാണ് മധു വാര്യരുടെ കുറിപ്പ് അവസാനിക്കുന്നത്.
മഞ്ജു വാര്യരുടെ സുരക്ഷ സംബന്ധിച്ച് സനൽ കുമാർ ശശിധരൻ നേരത്തെയും സമൂഹമാധ്യമങ്ങളിലൂടെ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. 2022ൽ മഞ്ജുവിന്റെ പരാതിയെ തുടർന്ന് സനലിനെ പൊലീസ് കസ്റ്റഡിയിലെടുത്ത സംഭവവും ഉണ്ടായിട്ടുണ്ട്.

Leave A Comment