തിരുവനന്തപുരം: ആരോപണങ്ങൾക്ക് പിന്നാലെ പാലക്കാട് എം.എൽ.എ രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസ് പ്രാഥമികാംഗത്വത്തിൽനിന്ന് സസ്‌പെൻഡ് ചെയ്തു. അതേ സമയം എം.എൽ.എ സ്ഥാനത്ത് നിന്ന് രാജിവെക്കേണ്ടതില്ല എന്ന നിലപാടിലും പാർട്ടി എത്തി. ആറ് മാസത്തേക്കാണ് സസ്‌പെൻഷൻ. ഇതോടെ സെപ്റ്റംബർ 15ന് തുടങ്ങുന്ന നിയമസഭാ സമ്മേളനത്തിൽ രാഹുൽ പ്രത്യേക ബ്ലോക്കായി ഇരിക്കേണ്ടി വരും. എന്നാൽ നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കാതെ രാഹുൽ അവധിയിൽ പ്രവേശിക്കാനാണ് സാധ്യത. പ്രാഥമിക അംഗത്വത്തിൽനിന്ന് സസ്‌പെൻഡ് ചെയ്യപ്പെട്ട രാഹുലിനോട് കെപിസിസി വിശദീകരണം തേടും. രാഹുൽ നൽകുന്ന വിശദീകരണം തൃപ്തികരമല്ലെങ്കിൽ പാർട്ടിയിൽനിന്നു പുറത്താക്കാനാണ് നീക്കം.
ഇനിമുതൽ പാർട്ടിയുടേയോ മുന്നണിയുടേയോ പാർലമെന്ററി പാർട്ടി യോഗത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ അംഗമായിരിക്കില്ല. എം.എൽ.എ സ്ഥാനം പെട്ടെന്ന് രാജിവെപ്പിച്ചാൽ വീണ്ടുമൊരു ഉപതിരഞ്ഞെടുപ്പ് സാധ്യത മുമ്പിൽ കണ്ടാണ് പാർട്ടി നിലപാട് മാറ്റിയത് എന്നാണ് സൂചന. നിയമസഭാ സമ്മേളനങ്ങളിൽ രാഹുൽ പാർലമെന്ററി പാർട്ടിയുടെ ഭാഗമായി ഉണ്ടാകില്ല. ടുത്ത നിയമസഭ തിരഞ്ഞെടുപ്പിൽ രാഹുലിനെ മത്സരിപ്പിക്കില്ല. നിയമസഭയിൽ നിന്ന് അവധിയെടുക്കാൻ പാർട്ടി നിർദ്ദേശിച്ചെന്നാണ് വിവരം. പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്ത രാഹുലിനോട് കെപിസിസി വിശദീകരണം തേടും.
രാഹുൽ രാജിവെക്കുമെന്ന റിപ്പോർട്ടുകളായിരുന്നു കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നതെങ്കിലും പ്രതിരോധിച്ച് നിൽക്കാനായിരുന്നു രാഹുലിന്റെ ശ്രമം. പാർട്ടിക്കുള്ളിൽ നിന്ന് തന്നെ രാഹുലിനെതിരേ ശക്തമായ പ്രതിഷേധം ഉയർന്നിരുന്നു. രാഹുലിന്റെ ഭാഗത്ത് നിന്നുള്ള വിശദീകരണം കേട്ട ശേഷം മാത്രം തുടർനടപടി മതി എന്ന നിലപാടിലാണ് നേതൃത്വമെത്തിയത്. ഉപതിരഞ്ഞെടുപ്പ് ഉണ്ടാകുന്നത് തിരിച്ചടിയാകുമെന്ന ആശങ്കയും നേതൃത്വത്തിനുണ്ട്. ലൈംഗികാരോപണത്തിൽ കുരുങ്ങിയതിന് പിന്നാലെ രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസിലെ മുതിർന്നനേതാക്കളെല്ലാം കൈവിട്ടിരുന്നു. ഞായറാഴ്ച വനിതാനേതാക്കളും പരസ്യമായി രംഗത്തെത്തിയതോടെ എം.എൽ.എ സ്ഥാനം രാജിവെക്കാൻ രാഹുലിനുമേൽ സമ്മർദമേറുകയായിരുന്നു.

