അഡിസ് അബെബ: കിഴക്കൻ ആഫ്രിക്കൻ രാജ്യമായ എത്യോപ്യയിൽ മാരകമായ മാർബഗ് വൈറസ് ഔട്ട്ബ്രേക്ക് സ്ഥിരീകരിച്ചു. എത്യോപ്യയിലെ സൗത്ത് സുഡാനുമായി അതിർത്തി പങ്കിടുന്ന ഓമോ മേഖലയിൽ 9 പേരിൽ വൈറസ് ബാധ കണ്ടെത്തി. വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി പ്രത്യേക സംഘത്തെ ലോകാരോഗ്യ സംഘടന എത്യോപ്യയിൽ നിയോഗിച്ചു.
കഴിഞ്ഞ വർഷം റുവാണ്ടയിലും മാർബഗ് വൈറസ് ബാധ കണ്ടെത്തയിരുന്നു. പഴംതീനി വവ്വാലുകൾ കഴിഞ്ഞിരുന്ന ഗുഹയിൽ നടത്തിയ ഖനന പ്രവർത്തനത്തിനിടെയാണ് വൈറസ് മനുഷ്യരിലേക്ക് പടർന്നതെന്ന് അന്നു കണ്ടെത്തിയിരുന്നു. എബോളക്ക് സമാനമാണ് മാർബഗ് വൈറസും. വവ്വാലുകളിൽ നിന്നു മനുഷ്യരിലേക്കു പകരുന്ന വൈറസ്, രോഗബാധിതരുമായി അടുത്തിടപഴകുന്നതിലൂടെയും ശരീരദ്രവങ്ങളിലൂടെയുമാണ് പകരുന്നത്. രോഗാണുക്കളുള്ള പ്രതലങ്ങളിലൂടെയും പകരാം. അടുത്ത കാലത്ത് മറ്റ് ആഫ്രിക്കൻ രാജ്യങ്ങളിലൊന്നും വൈറസ് ബാധയുണ്ടായിട്ടില്ല.
88 ശതമാനം മരണനിരക്കുള്ള മാർബഗ് വൈറസ് ബാധയ്ക്ക് നിലവിൽ പ്രത്യേക ചികിത്സയോ വാക്സിനുകളോ ഇല്ല. കടുത്ത പനി, തലവേദന, പേശീവേദന തുടങ്ങിയവയാണ് ലക്ഷണങ്ങൾ.

