തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജുമായി ബന്ധപ്പെട്ടുയരുന്ന വിവാദങ്ങൾ മാറ്റമില്ലാതെ തുടരുന്നു. മെഡിക്കൽ കോളജ് പ്രിൻസിപ്പലും സൂപ്രണ്ടും വാർത്താസമ്മേളനത്തിൽ ഉന്നയിച്ച കാര്യങ്ങൾക്കും യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് മറുപടി നൽകി. ഡോ.ഹാരിസിന്റെ മുറിയിൽ പരിശോധന നടത്തിയെന്നും അസ്വഭാവികമായി ഉപകരണവും ബില്ലും കണ്ടെത്തിയെന്നും പ്രിൻസിപ്പൽ ഡോ. പി.കെ.ജബ്ബാറും സൂപ്രണ്ട് ഡോ. സുനിൽകുമാറും പറഞ്ഞിരുന്നു. എന്നാൽ തന്റെ മുറിയിലെ ബോക്സിൽ ഉണ്ടായിരുന്നതു പഴക്കം ചെന്ന നെഫ്രോസ്കോപ് ആണെന്നാണ് ഡോ.ഹാരിസിന്റെ നിലപാട്. തകരാർ പരിഹരിക്കാൻ എറണാകുളത്തേക്ക് ഈ ഉപകരണം അയച്ചു കൊടുത്തിരുന്നു. എന്നാൽ 2 ലക്ഷത്തോളം രൂപ ചെലവ് വരുമെന്ന് കമ്പനി അറിയിക്കുകയായിരുന്നു. ഇത്രയും പണം ഇല്ലാത്തതിനാൽ കമ്പനിയോട് ഉപകരണം തിരിച്ചയയ്ക്കാൻ ആവശ്യപ്പെട്ടു. ഇത്തരത്തിൽ കമ്പനി തിരിച്ചയച്ച ഉപകരണമാണു മുറിയിലുണ്ടായിരുന്നത്. എച്ച്ഒഡിയുടെ വിലാസത്തിൽ കണ്ടത് പാക്കിങ് കവർ ആണെന്നും ഡോ.ഹാരിസ് പറയുന്നു.
ഡോ.ഹാരിസിന്റെ മുറിയിൽ രണ്ടു തവണ പരിശോധന നടത്തിയെന്നും ഉപകരണവും ബില്ലും കണ്ടെത്തിയെന്നുമാണു പ്രിൻസിപ്പലും സൂപ്രണ്ടും പറഞ്ഞത്. ഇതിൽ അസ്വഭാവികതയുണ്ടെന്നും സർക്കാരിന് റിപ്പോർട്ട് നൽകുമെന്നും ഇവർ പറഞ്ഞിരുന്നു. ഡോ. ഹാരിസിന്റെ മുറിയിൽ ഒരാൾ കടന്നുകയറുന്നതിന്റെ സിസിടിവി ദൃശ്യം ലഭിച്ചതായും ഇതിൽ കൂടുതൽ പരിശോധന ആവശ്യമാണെന്നും പ്രിൻസിപ്പൽ പറഞ്ഞിരുന്നു. വാർത്താ സമ്മേളനത്തിനിടെ സൂപ്രണ്ടിന്റെ ഫോണിലേക്ക് ആരോ വിളിച്ച് കാര്യങ്ങൾ നിയന്ത്രിച്ചതും വിവാദമായിരുന്നു. ഫോൺ വിളിച്ച ആളെ സർ എന്നാണ് സൂപ്രണ്ട് അഭിസംബോധന ചെയ്തത്.
കാരണം കാണിക്കൽ നോട്ടിസ് നൽകിയതിന്റെ തൊട്ടുപിന്നാലെയാണു ഡോ.ഹാരിസിനെ സംശയത്തിന്റെ നിഴലിൽ നിർത്തി ആരോഗ്യമന്ത്രി വീണാ ജോർജ്, മെഡിക്കൽ കോളജിലെ യൂറോളജി വിഭാഗത്തിൽനിന്ന് ഉപകരണം കാണാതായതായി വിദഗ്ധസമിതി കണ്ടെത്തിയിരുന്നുവെന്ന് പറഞ്ഞത്. എന്നാൽ ഉപകരണങ്ങൾ ഒന്നും നഷ്ടപ്പെട്ടിട്ടില്ലെന്നു മറുപടി നൽകിയ ഡോ. ഹാരിസ് പിന്നീട് അവധിയിൽ പോകുകയായിരുന്നു. എട്ടാം തീയതി വരെയാണ് ഹാരിസ് അവധിക്ക് അപേക്ഷിച്ചിരിക്കുന്നത്. ഇതിനിടെയാണു പ്രിൻസിപ്പലും സൂപ്രണ്ടും ഉൾപ്പെടെ ഡോ.ഹാരിസിന്റെ മുറി പരിശോധിക്കുകയും പുതിയ താഴിട്ടു പൂട്ടുകയും ചെയ്തത്. തന്നെ കുടുക്കാനുള്ള നീക്കത്തിന്റെ ഭാഗമാണിതെന്നു സംശയിക്കുന്നതായി ഡോ. ഹാരിസ് കെജിഎംസിടിഎ ഭാരവാഹികൾക്കുള്ള കുറിപ്പിൽ നേരത്തെ വ്യക്തമാക്കിയിരുന്നു.

