കാത്തിരിപ്പിന് വിരാമം, ലയണൽ മെസി കേരളത്തിലെത്തും. മെസി ഉൾപ്പെടുന്ന അർജന്റീനയുടെ ഫുട്ബോൾ ടീം നവംബറിൽ അന്താരാഷ്ട്ര സൗഹൃദ മത്സരം കളിക്കുമെന്ന് അർജന്റീന ഫുട്ബോൾ അസോസിയേഷൻ ഔദ്യോഗികമായി അറിയിച്ചു. നവംബർ പത്തിനും 18നും ഇടയിലായിരിക്കും അർജന്റീന ഫുട്ബോൾ ടീം കേരളത്തിൽ അന്താരാഷ്ട്ര സൗഹൃദമത്സരം കളിക്കുക.
കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്‌മാനും ഇക്കാര്യം ഫേസ്ബുക്ക് പോസ്റ്റിലൂടെ സ്ഥിരീകരിച്ചു. ‘മെസ്സി വരും ട്ടാ..’ എന്ന തലക്കെട്ടോടെയാണ് കുറിപ്പ് പങ്കുവച്ചിരിക്കുന്നത്. എതിരാളികളെ തീരുമാനിച്ചിട്ടില്ലെന്നാണ് അർജന്റീന ഫുട്ബോൾ ടീം അറിയിച്ചത്. തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലായിരിക്കും മത്സരം എന്നാണ് വിവരം.
2011 സെപ്തംബറിലാണ് മെസി ഇതിന് മുമ്പ് ഇന്ത്യയിലെത്തിയത്. അന്ന് കൊൽക്കത്ത സാൾട്ട്ലേക്ക് സ്റ്റേഡിയത്തിൽ വെനസ്വേലക്കെതിരെ അർജന്റീന കുപ്പായത്തിൽ സൗഹൃദ മത്സരത്തിലും ലയണൽ മെസി കളിച്ചിരുന്നു. അർജന്റീന നായകനായുള്ള മെസിയുടെ അരങ്ങേറ്റ മത്സരം കൂടിയായിരുന്നു ഇത്. നേരത്തെ, അർജന്റീന ടീമിന്റെ കേരള സന്ദർശനത്തിൽ കേരള സർക്കാരിനെതിരെ അർജന്റീന ഫുട്ബോൾ അസോസിയേഷൻ രംഗത്തെത്തിയതിന് പിന്നാലെ വലിയ രാഷ്ട്രീയ വിവാദങ്ങൾ ഉടലെടുത്തിരുന്നു.

