പത്തനംതിട്ട: നവംബറിൽ അർജന്റീന ടീം കേരളത്തിലെത്തുമ്പോൾ പ്രിയപ്പെട്ട മെസ്സിയെ കാണാൻ ആരാധകർ ഇരമ്പും. കരൂർ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ പ്രായോഗികമായ പദ്ധതികൾ ആൾക്കൂട്ടത്തെ നിയന്ത്രിക്കാൻ ഒരുക്കുന്ന തിരക്കിലാണ് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി. ആരാധകരുടെ മാനസിക വശങ്ങൾ ഉൾപ്പെടെ പരിശോധിച്ചുള്ള പദ്ധതിക്ക് ദുരന്തനിവാരണ അതോറിറ്റിയാണ് അംഗീകാരം നൽകേണ്ടത്.
ഓരോ പരിപാടിക്കും വ്യത്യസ്ത പ്രോട്ടോക്കോൾ തയാറാക്കുമെന്ന് ദുരന്ത നിവാരണ അതോറിറ്റി മെംബർ സെക്രട്ടറി ഡോ. ശേഖർ കുര്യാക്കോസ് പറഞ്ഞു. കൊച്ചി ഫിഫ അണ്ടർ 17 ലോകകപ്പ്, ഐഎസ്എൽ തുടങ്ങിയ മത്സരങ്ങൾക്കായി തയാറാക്കിയ ദുരന്തനിവാരണ പ്ലാൻ 7 വർഷമായി സംസ്ഥാനം വിജയകരമായി നടപ്പിലാക്കിയതിന്റെ അനുഭവം പ്രയോജനപ്പെടും. ജനക്കൂട്ട നിയന്ത്രണത്തിൽ പ്രത്യേക പരിശീലനം ലഭിച്ച സംസ്ഥാന സിവിൽ ഡിഫൻസ് ഫോഴ്‌സ് ഈ കാര്യത്തിൽ മുന്നിലാണ്.

