കൊച്ചി: മലയാളി ഫുട്ബാൾ രാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന അർജന്റീന- ഓസ്‌ട്രേലിയ സൂപ്പർ പോരാട്ടം നവംബർ 17ന് നടക്കും. അർജന്റീന ഫുട്‌ബോൾ അസോസിയേഷനിൽ നിന്ന് തീയതി സംബന്ധിച്ച് സ്ഥിരീകരണം ലഭിച്ചെന്നും സംസ്ഥാനസർക്കാരിന് ഇത് സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പ് ലഭിച്ചുവെന്നും മറിച്ചുള്ള പ്രചാരണങ്ങൾ സത്യമല്ലെന്നും ആന്റോ അഗസ്റ്റിൻ അറിയിച്ചു.
എല്ലാ ഫുട്‌ബോൾ പ്രേമികൾക്കും മെസിയെ കാണാൻ അവസരമുണ്ടാകും. നവംബർ 17ന് മത്സരത്തിന്റെ തലേ ദിവസം മെസിയും സംഘവും പരിശീലനം നടത്തുന്നത് കാണാനും ആരാധകർക്ക് കഴിയും. എ ആർ റഹ്‌മാൻ മ്യൂസിക് ഷോയും ഹനുമാൻ കൈൻഡിന്റെ സംഗീത പരിപാടിയും നവംബർ 16ന് നടക്കും. ഏറ്റവും വലിയ ഡ്രോൺ ഷോയും സംഘടിപ്പിക്കും.
ടിക്കറ്റ് നിരക്കുകൾ രണ്ട് ദിവസത്തിനകം പ്രഖ്യാപിക്കും. എല്ലാ ഫുട്‌ബോൾ പ്രേമികൾക്കും അവസരം ഒരുക്കുന്ന തരത്തിലായിരിക്കും നിരക്കുകൾ. ഈ മാസം പതിനെട്ടിനോ പത്തൊൻപതിനോ ടിക്കറ്റ് വിൽപന തുടങ്ങാനാകും. മന്നാണ് പ്രതീക്ഷ. മാധ്യമങ്ങൾ വ്യാജ വാർത്ത പ്രചരിപ്പിക്കരുതെന്നും ആന്റോ അഗസ്റ്റിൻ പറഞ്ഞു. വ്യാജടിക്കറ്റുകളുടെ വിൽപനാ ശ്രമവും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇതെല്ലാം വ്യാജമാണ്. ടിക്കറ്റ് വിൽപ്പനയുൾപ്പെടെയുള്ള കാര്യങ്ങളിൽ റിപ്പോർട്ടർ ടി വി ഔദ്യോഗികമായി വിവരങ്ങൾ പങ്കുവയ്ക്കുമെന്നും ആന്റോ അഗസ്റ്റിൻ പറഞ്ഞു.
അർജന്റീന-ഓസ്‌ട്രേലിയ പോരാട്ടത്തിനായി കലൂർ അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ അതിവേഗത്തിലുള്ള നിർമാണം പുരോഗമിക്കുകയാണ്. 70 കോടി ചെലവിട്ടാണ് സ്റ്റേഡിയം പുതുക്കിപ്പണിയുന്നത്. ഫിഫ മാനദണ്ഡങ്ങൾ പാലിച്ച് അന്താരാഷ്ട്ര നിലവാരത്തിലാണ് പുനർ നിർമാണം. രാജ്യാന്തര നിലവാരത്തിലുള്ള ലൈറ്റുകൾ ഉൾപ്പെടെ സ്ഥാപിക്കും. കസേരകളെല്ലാം ഇളക്കിമാറ്റി പുതിയത് സ്ഥാപിച്ച് തുടങ്ങി.

