തിരുവനന്തപുരം: തിരുവനന്തപുരം മെട്രോ റെയില്‍ പദ്ധതി 2029 ൽ പൂർത്തിയാക്കാൻ കഴിയുമെന്ന് നടത്തിപ്പിന്റെ ചുമതലയുള്ള കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (കെഎംആര്‍എല്‍) എംഡി ലോക്‌നാഥ് ബെഹ്‌റ. 8,000 കോടി രൂപയാണ് ചെലവു പ്രതീക്ഷിക്കുന്നത്. രണ്ടരവർഷം കൊണ്ട് നിർമ്മാണം പൂർത്തീകരിക്കാം. അടുത്താഴ്ച തിരുവനന്തപുരത്ത് എത്തി കാര്യങ്ങള്‍ വിലയിരുത്തുമെന്നും അദ്ദേഹം പറഞ്ഞു.അലൈന്‍മെന്റ് മാറ്റമുള്ളതു കൊണ്ടു മുന്‍പ് തയാറാക്കിയ ഡിപിആറില്‍ കുറച്ചു മാറ്റങ്ങള്‍ ആവശ്യമാണ്. അക്കാര്യം ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷന്‍ (ഡിഎംആര്‍സി) എംഡിയുമായി സംസാരിച്ചു. ഒന്നരമാസത്തിനുള്ളില്‍ അവര്‍ ഡിപിആര്‍ തയാറാക്കി നല്‍കും. തുടര്‍ന്ന് ഡിപിആര്‍ മന്ത്രിസഭയുടെ അനുമതിക്കു സമര്‍പ്പിക്കും. അതിനു ശേഷം കേന്ദ്രാനുമതി വേണം. കേന്ദ്രമന്ത്രിസഭയുടെ അനുമതി ലഭിച്ച ശേഷം മാത്രമേ നിര്‍മാണം ആരംഭിക്കാന്‍ കഴിയൂ. ആറു മാസം കൊണ്ട് ഈ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.
8,000 കോടിയോളം രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത് (കിലോമീറ്ററിന് 250 കോടി). ഇതിന്റെ 20% സംസ്ഥാന സര്‍ക്കാരും 20% കേന്ദ്രസര്‍ക്കാരും വഹിക്കും. ബാക്കി 60% വായ്പ എടുക്കും. ഭൂമി ഏറ്റെടുക്കല്‍ ഉള്‍പ്പെടെ പ്രശ്‌നങ്ങള്‍ ഉണ്ടായില്ലെങ്കില്‍ രണ്ടര വര്‍ഷത്തിനുള്ളില്‍ പദ്ധതി നിര്‍മാണം പൂര്‍ത്തിയാക്കാന്‍ കഴിയും.
ആറ്റിങ്ങല്‍ വരെയും നെയ്യാറ്റിന്‍കര വരെയും വികസിപ്പിക്കാവുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. വിഴിഞ്ഞം വരെയും വെള്ളായണി വരെയും നീട്ടാം. കൊച്ചിയില്‍ 25 സ്‌റ്റേഷനില്‍ 16 ഇടത്തു മാത്രമേ പാര്‍ക്കിങ് സൗകര്യമുള്ളു. എന്നാല്‍ തിരുവനന്തപുരത്ത് എല്ലാ സ്‌റ്റേഷനിലും പാര്‍ക്കിങ് ഒരുക്കും. ഫീഡര്‍ സൗകര്യങ്ങളും ഫലപ്രദമായി നടപ്പാക്കുമെന്നും ലോക്‌നാഥ് ബെ്ഹറ പറഞ്ഞു. ഇന്നലെയാണ് ആദ്യഘട്ട അലൈന്‍മെന്റിനു മുഖ്യമന്ത്രി പിണറായി വിജയന്‍ അംഗീകാരം നല്‍കിയത്. ടെക്‌നോപാര്‍ക്കിന്റെ മൂന്ന് ഫെയ്‌സുകള്‍, വിമാനത്താവളം, തമ്പാനൂര്‍ ബസ് സ്റ്റാന്‍ഡ്, തിരുവനന്തപുരം നോര്‍ത്ത്- സെന്‍ട്രല്‍ സ്റ്റേഷനുകള്‍, സെക്രട്ടേറിയറ്റ്, മെഡിക്കല്‍ കോളജ് എന്നിവയെ ബന്ധിപ്പിക്കുന്നതാണ് ഒന്നാംഘട്ട അലൈന്‍മെന്റ്. പാപ്പനംകോടുനിന്ന് ആരംഭിച്ച് കിള്ളിപ്പാലം, പാളയം, ശ്രീകാര്യം, കഴക്കൂട്ടം, ടെക്‌നോപാര്‍ക്ക്, കൊച്ചുവേളി, വിമാനത്താവളം വഴി ഈഞ്ചയ്ക്കലില്‍ അവസാനിക്കുന്നതാണ് ഒന്നാം ഘട്ടം.

