തിരുവനന്തപുരം: മന്ത്രിമാരുടെയും എംഎൽഎമാരുടെയും ശമ്പളവും മറ്റ് ആനുകൂല്യങ്ങളും വർധിപ്പിക്കുന്നതിനുള്ള ബിൽ ഈ നിയമസഭാ സമ്മേളനത്തിൽ അവതരിപ്പിക്കാൻ സാധ്യതയില്ലെന്നു സൂചന. ഹൈക്കോടതി റിട്ട. ജഡ്ജി ജസ്റ്റിസ് സി.എൻ.രാമചന്ദ്രൻ നായർ കമ്മിഷന്റെ ശുപാർശ അടങ്ങിയ ഫയൽ മന്ത്രിസഭയുടെ പരിഗണനയിൽ ഉണ്ടെങ്കിലും ഇപ്പോൾ നടപ്പിലാക്കേണ്ടെന്നായിരുന്നു മുഖ്യമന്ത്രിയുടെ നിർദ്ദേശം. ഇപ്പോൾ ശമ്പളവർധന വേണ്ടെന്നു മുഖ്യമന്ത്രി യോഗത്തിൽ പറഞ്ഞു. തദ്ദേശ-നിയമസഭ തിരഞ്ഞെടുപ്പുകൾ അടുത്തിരിക്കുന്ന സാഹചര്യം പരിഗണിച്ചാണ് പൊതുജനാഭിപ്രായം എതിരാക്കുമെന്നു ചൂണ്ടിക്കാട്ടി നടപടി മാറ്റിവച്ചത്. രാഷ്ട്രീയ കക്ഷികൾ എല്ലാം ശമ്പളവർധനവിന് അനുകൂലമാണ്. ഇതു സംബന്ധിച്ച ബിൽ കൊണ്ടുവരുന്നതിനോട് യോജിക്കുമെന്ന് പ്രതിപക്ഷം സ്പീക്കറെ അറിയിച്ചിരുന്നു. നിലവിലെ ശമ്പളവും ആനുകൂല്യവും മണ്ഡലത്തിലെ ചെലവുകൾക്കു തികയുന്നില്ലെന്നാണ് എംഎൽഎമാരുടെ പക്ഷം.
2018-ലാണ് മന്ത്രിമാരുടെയും എംഎൽഎമാരുടെയും ശമ്പളവും മറ്റാനുകൂല്യങ്ങളും പുതുക്കിയത്. 35 ശതമാനം വരെ വർധനയാണ് ജസ്റ്റിസ് സി.എൻ.രാമചന്ദ്രൻ നായർ കമ്മിഷൻ ശുപാർശ ചെയ്തിരിക്കുന്നത്. 2018ൽ എംഎൽഎമാരുടെ ശമ്പളം, മണ്ഡലം അലവൻസ്, ടെലിഫോൺ അലവൻസ്, യാത്രാബത്ത തുടങ്ങിയവ 39,500 രൂപയിൽനിന്ന് 70,000 രൂപയാക്കി ഉയർത്തിയിരുന്നു. മന്ത്രിമാരുടെ ശമ്പളം 55,012-ൽനിന്ന് 97,429 രൂപയായും ഉയർത്തി.
മന്ത്രിമാർക്ക് ശമ്പളത്തിനു പുറമേ കിലോമീറ്റർ അടിസ്ഥാനത്തിൽ പരിധിയില്ലാതെ യാത്രാബത്ത ലഭിക്കും. മന്ത്രിമാർക്കു വാഹനവും വസതിയും പഴ്‌സനൽ സ്റ്റാഫ് അംഗങ്ങളും ഉണ്ടാകും. തിരുവനന്തപുരത്തിനു പുറത്ത് ഗവ. ഗെസ്റ്റ് ഹൗസുകളിൽ താമസിക്കാം. മന്ത്രിമാർക്കും നിയമസഭാംഗങ്ങൾക്കും വീട് നിർമിക്കുന്നതിനും വാഹനം വാങ്ങുന്നതിനും പലിശരഹിത വായ്പ ലഭിക്കും. രോഗം വന്നാൽ വിദേശത്തുൾപ്പെടെ ചികിത്സിക്കുന്നതിനുള്ള ചെലവു സർക്കാർ വഹിക്കും. ഇതിനും പരിധിയില്ല. ജീവിതപങ്കാളിക്കും ചികിത്സച്ചെലവു ലഭിക്കും. മുൻ നിയമസഭാംഗങ്ങൾക്കും ചികിത്സച്ചെലവ് ലഭിക്കും.

